തിരുവനന്തപുരം: കേരളാപോലീസിലെ 2500 പേര്‍ക്ക് സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. 1000 കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഹെഡ്കോണ്സ്റ്റബിള്മാരായി സ്ഥാനക്കയറ്റം ലഭിക്കും. ഇതോടൊപ്പം 1000 ഹെഡ്കോണ്‍സ്റ്റബിള്‍മാരെ എ എസ് ഐമാരായും 500 എ എസ് ഐമാര്‍ക്ക് എസ് ഐ ആയും സ്ഥാനക്കയറ്റം നല്‍കും. 1250 പേര്‍ക്കാണ് ഈ വര്‍ഷം ഇതിന്റെ ആനുകൂല്യം ലഭിക്കുക. ശേഷിക്കുന്ന 1250 പേര്‍ക്ക് അടുത്തവര്‍ഷമാകും സ്ഥാനക്കയറ്റം നല്‍കുക.
നഗരസഭകളില്‍ നടപ്പാക്കിയ പ്ലാസ്റ്റിക് നിയന്ത്രണം ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്തീരാജ് ആക്ടിന്റെ 219-ാം വകുപ്പില്‍ ഭേദഗതി വരുത്തും. തീരദേശ മത്സ്യത്തൊഴിലാളി ഭവന പദ്ധതി പ്രകാരം 300 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്കാന് പത്ത് കോടി രൂപ അനുവദിക്കും. കെ എസ് ഇ ബി കമ്പനി വത്കരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജീവനക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും. ഇതിന് ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതി മന്ത്രിയും ഉള്‍പ്പെടുന്ന ഉപസമിതി തീരുമാനമെടുക്കും.
ഷെട്ടി കമ്മീഷന് ശുപാര്‍ശ അനുസരിച്ച് നോണ്‍ജുഡീഷ്യല്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട വേതനവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കാനും തീരുമാനിച്ചു. ആദിവാസികളിലെ പ്രാക്തന ഗോത്രവിഭാഗക്കാരുടെ സമഗ്രവികസന പദ്ധതി നടത്തിപ്പിന് പ്രൊജക്ട് ലീഡറും സെക്ടറല്‍ ഓഫീസേഴ്സും ഉള്‍പ്പെടെ ഏഴ് തസ്തികകള്‍ അനുവദിക്കും. മൂന്ന് വര്‍ഷത്തിനകം നടപ്പാക്കണമെന്ന വ്യവസ്ഥയില്‍ 148 കോടി രൂപയാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ശാഖ പാലക്കാട് വിക്ടോറിയ ഗവണ്മെന്റ് കോളജില്‍ തുടങ്ങും. ഇതിന് കെട്ടിടം നിര്‍മ്മിക്കാന്‍ 75ലക്ഷം രൂപയുടെ ഭരണാനുമതി നല്കി. ഗാന്ധി സ്മാരക നിധിയുടെ വജ്രജൂബിലി സന്ദേശയാത്രക്ക് പത്ത് ലക്ഷം രൂപ അനുവദിക്കും. കേരളത്തില്‍ ഗാന്ധിജി സന്ദര്‍ശനം നടത്തിയ പ്രദേശങ്ങളിലൂടെയാണ് സന്ദേശയാത്ര.
മുവാറ്റുപുഴ നടുക്കര ആഗ്രോപ്രോസസിംഗ് കമ്പനി, വെജിറ്റബിള്‍ ആന്റ് പ്രമോഷന് കൗണ്‍സിലിന് കൈമാറും. തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിര തിരുനാളിന്റെ ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ജന്മശതാബ്ദി ആഘോഷത്തിന് പത്ത് ലക്ഷം രൂപ നല്‍കും. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ട പ്രവിലേജ് സീറ്റ് സംബന്ധിച്ച് മുന്‍സര്‍ക്കാറിന്റെ കാലത്തെ കരാര്‍ അനുസരിച്ച് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: