പാനൂര്‍: ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ.കുഞ്ഞനന്തനെ രക്ഷപ്പെടാന്‍ സഹായിച്ച അന്വേഷണ സംഘാംഗത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി. ചന്ദ്രശേഖരന് വധത്തില്‍ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന പാറാട് സ്വദേശി പി.കെ.കുഞ്ഞനന്തനെ പിടികൂടാന്‍ രഹസ്യമായി നീങ്ങിയ അന്വേഷണ സംഘത്തെക്കുറിച്ച് സിപിഎം പാനൂര്‍ ഏരിയാ നേതാക്കള്‍ക്ക് രഹസ്യ വിവരം നല്കിയ അന്വേഷണ സംഘാംഗത്തെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
പാനൂരിലെ പ്രമുഖ സിപിഎം നേതാവായ കെ.കെ.സുധീര്‍ കുമാറുമായി നല്ല അടുപ്പമുളള വ്യക്തിയാണ് ഈ ഉദ്യോഗസ്ഥന് എന്നാണ് സൂചന. പുലര്‍ച്ചെ വീട്ടിലെത്തിയ അന്വേഷണ സംഘത്തെ കബളിപ്പിച്ചാണ് കുഞ്ഞനന്തന് രക്ഷപ്പെട്ടത്. സിപിഎം സംസ്ഥാന നേതാക്കന്മാരുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നല്ല ബന്ധമുളള ഈ ഏരിയാ കമ്മറ്റിയംഗത്തെ മുന്‍കാലങ്ങളില്‍ പല കേസുകളില്‍ നിന്നും രക്ഷിച്ചവര്‍ തന്നെയാണ് രക്ഷപ്പെടാന്‍ ഇത്തവണയും പഴുതുകള്‍ ഒരുക്കിക്കൊടുത്തത്. കുഞ്ഞനന്തനെ ജാമ്യത്തിലെടുക്കാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാനും പാര്‍ട്ടി നേതൃത്വം നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നതായി സൂചനയുണ്ട്. കുഞ്ഞനന്തനെ വ്യക്തമായി ചോദ്യം ചെയ്താല്‍ ജില്ലക്കകത്തും പുറത്തുമുള്ള കൊലപാതകങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: