ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയാണ് സര്‍പ്പങ്ങള്‍. രാഹു ജാതകത്തില്‍ അനിഷ്ടസ്ഥിതനാണെങ്കില്‍ ആ ദശാകാലത്ത് സര്‍പ്പഭജനം അത്യാവശ്യമാണ്. തറവാട്ടിലെ കാവുകളെ സംരക്ഷിക്കുക, അവിടെ പാരമ്പര്യമായി ആചരിച്ചുവരുന്ന കാര്യങ്ങള്‍ മുടങ്ങാതെ വിധിപ്രകാരം തുടരുക, സര്‍പ്പബലി, സര്‍പ്പപ്പാട്ട് തുടങ്ങിയവ നടത്തുക, സര്‍പ്പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക എന്നിവയൊക്കെ രാഹുദശാകാലത്ത് അനുഷ്ഠിക്കേണ്ടതാണ്. കുടുംബത്തില്‍ കാവുകളില്ലാത്തവര്‍ക്ക് ഭവനത്തില്‍ വച്ചുതന്നെ ഉത്തമപുരോഹിതനെക്കൊണ്ട് പത്മമിട്ട് സര്‍പ്പപൂജ നടത്തിച്ച് നൂറുംപാലും കഴിപ്പിക്കാവുന്നതാണ്. ജാതകത്തില്‍ രാഹു, മേടം, ചിങ്ങം, മകരം, കുംഭം, രാശികളില് നിന്നാല്‍ ശൈവമൂര്‍ത്തിയായ വാസുകിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കാം. മിഥുനം, കന്നി, ധനു, മീനം രാശികളില് നില്ക്കുന്ന രാഹുവിന്റെ പ്രീതിയ്ക്കായി വൈഷ്ണവമൂര്ത്തിയെ അനന്തനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലാണ് ദര്‍ശനം നടത്തേണ്ടത്. ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം രാശികളില് നില്ക്കുന്ന രാഹുവിന്റെ പ്രീതിയ്ക്കായി നാഗയക്ഷിയെ പ്രതീപ്പെടുത്താം. രാഹു ലഗ്നത്തില്‍ നില്ക്കുന്നവന് പാല്, ഇളനീര്, തുടങ്ങിയവ കൊണ്ട് നാഗരാജാവിനോ നാഗയക്ഷിക്കോ അഭിഷേകം നടത്തുന്നത് ഉത്തമം. ഇതുമൂലം ത്വക്ക് രോഗശാന്തി കൈവരുന്നു. ആറിലോ, എട്ടിലോ, പത്തിലോ നില്ക്കുന്ന രാഹുവിന്റെ പ്രീതിയ്ക്കായി സര്‍പ്പബലിയും പന്ത്രണ്ടിലെ രാഹുവിന്റെ പ്രീതിക്കായി പാട്ടും, ഏഴില്‍ നില്ക്കുന്ന രാഹുവിന്റെ പ്രതീക്കായി പാട്ടും തുള്ളലും നടത്തുന്നത് ഫലപ്രദമായിരിക്കും. നാലില്‍ നില്ക്കുന്ന രാഹുവിനെ പ്രീതിപ്പെടുത്താന്‍ സര്പ്പപ്രതിമ സമര്‍പ്പണം ഉത്തമമാണ്.
രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, കേട്ട, രേവതി എന്നീ നക്ഷത്രക്കാര്‍ രാഹുദശയില്‍ വിധിപ്രകാരം സര്‍പ്പപ്രീതി വരുത്തേണ്ടതാണ്. തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളുടെ അധിപന് രാഹുവായതിനാല്‍ ഇവര്‍ നിത്യവും സര്‍പ്പങ്ങളെ ഭജിക്കുന്നതും കുടുംബത്തിലെ കാവ് പരിരക്ഷിക്കുന്നതും അവിടെ ആയില്യപൂജ നടത്തുന്നതും ശ്രേയസ്കരമാണ്. രാഹുദോഷശാന്തിക്കായി ആയില്യം നാളിലോ ജന്മനക്ഷത്രദിവസമോ ഞായറാഴ്ചകളിലോ സര്‍പ്പക്ഷേത്രദര്‍ശനം നടത്തുന്നതാണ് കൂടുതല്‍ ഫലപ്രദം.
– ഡോ. കെ.ബാലകൃഷ്ണവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: