ന്യൂയോര്‍ക്ക്: പ്രമുഖ ആഗോള നിക്ഷേപകനായ വാറന്‍ ബഫറ്റ് തനിക്ക് പോസ്റ്റേറ്റ് കാന്‍സറാണെന്ന് വെളിപ്പെടുത്തി. എന്നാല്‍ ആരോഗ്യസ്ഥിതിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും നൂറ് ശതമാനം ആരോഗ്യവാനാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അദ്ദേഹത്തിന്റെ നിക്ഷേപകരിലൊരാള്ക്കെഴുതിയ കത്തിലാണ് താന്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും രണ്ട്മാസത്തെ റേഡിയേഷന് ചികിത്സ വേണ്ടിവരുമെന്നും ബഫറ്റ് പറഞ്ഞത്. സിഎടി സ്കാന്‍, അസ്ഥികളുടെ സ്കാനിംഗ്, എംആര്‍ഐ സ്കാനിംഗ് തുടങ്ങിയവ നടത്തിയെങ്കിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ കാന്‍സര്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് എണ്‍പത്തൊന്നുകാരനായ ബഫറ്റ് പറഞ്ഞു.
ജൂലൈ മാസം പകുതി മുതല്‍ ചികിത്സ ആരംഭിക്കുമെന്നും ഈ സമയത്ത് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെങ്കിലും ദിനചര്യകള്‍ക്ക് ഒരു മാറ്റവും വരുത്തില്ലെന്ന് അദ്ദേഹം അറിയിച്ചു.
തന്നെ കാന്‍സര്‍ തളര്‍ത്തിയിട്ടില്ലെന്നും താന്‍ നൂറ് ശതമാനം ഊര്‍ജസ്വലനാണെന്നും ബഫറ്റ് പറഞ്ഞു. ബയോപ്സി വഴിയാണ് തനിക്ക് കാന്‍സര്‍ ഉള്ളതായി തിരിച്ചറിഞ്ഞതെന്ന് പിന്നീട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം തന്റെ ആരോഗ്യനില ക്ഷയിക്കുമെന്നത് സംബന്ധിച്ച് പൂര്‍ണമായും ബോധവാനാണെന്നും ആ ദിവസം വളരെ വിദൂരമാണെന്നും ഇതുസംബന്ധിച്ച് തന്റെ ഓഹരി ഉടമകളെ അറിയിക്കുമെന്നും ബഫറ്റ് വ്യക്തമാക്കി.
ഫെബ്രുവരി മാസത്തില്‍ ബെര്‍ക്ക്ഷെയര്‍ ഓഹരി ഉടമകള്ക്കെഴുതിയ കത്തില്‍ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തതായി അറിയിച്ചിരുന്നു. പക്ഷേ ബഫറ്റ് ആ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇന്ത്യക്കാരനായ അജിത് ജെയിനിന്റെ പേരും പിന്‍ഗാമിക്കായുള്ള പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: