ആറുവയസ്സുമുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതും അല്ലാത്തതുമായ സ്വകാര്യ സ്ഥാപനങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി 25 ശതമാനം സീറ്റുകള്‍ മാറ്റിവയ്ക്കണമെന്ന നിയമഭേദഗതി അംഗീകരിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. ഇതോടെ സ്കൂള്‍ വിദ്യാഭ്യാസം ദരിദ്രര്‍ക്കും പ്രാപ്യമാകുന്നു എങ്കിലും പാവപ്പെട്ട കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്നുറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ധനസഹായം പറ്റാത്ത സ്കൂളുകളെ ഈ നിബന്ധനയില്‍ നിന്നൊഴിവാക്കിയിരിക്കുന്നു. 2012-13 അധ്യയനവര്‍ഷം മുതല്‍ ഈ വിധി പ്രാബല്യത്തില്‍ വരും. 25 ശതമാനം സീറ്റ് ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യാനുള്ള നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്ന സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളുടെ ഹര്‍ജി പരിഗണിച്ച ശേഷമുള്ള വിധിയാണിത്. ദരിദ്രര്‍ക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസം മതി എന്ന മുതലാളിത്ത മനോഭാവത്തിനേറ്റ തിരിച്ചടിയാണിത്.
അവശവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സാധിച്ചാല്‍ രാജ്യത്തിന്റെ തന്നെ അഭിവൃദ്ധിയ്ക്കും അത് പ്രേരകമാകും. ഭാവിയില്‍ വളരെ അധികം ഗുണം ചെയ്യാവുന്ന ഈ നടപടിയില്‍ക്കൂടി വിദ്യാഭ്യാസത്തിന്റെ എല്ലാ വാതിലുകളും തുറക്കപ്പെട്ട് പ്രബുദ്ധരായ ഒരു തലമുറ രൂപപ്പെട്ട് രാജ്യത്തിന്റെ പുരോഗതിയ്ക്ക് സംഭാവന ചെയ്യാന്‍ പ്രാപ്തി നേടുവാനാകും.
നിര്‍ധനര്‍ക്ക് സര്‍ക്കാര്‍ സ്കൂള്‍ എന്ന അപ്രഖ്യാപിത നിയമമാണ് ഇവിടെ നിലവിലുള്ളത്. എന്നാല്‍ നിര്‍ധനരും ആഗ്രഹിക്കുന്നത് സ്വന്തം കുട്ടികളെ എയ്ഡഡ് സ്കൂളില്‍ വിട്ട് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കണം എന്നാണ്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടനയും അനുശാസിക്കുന്നത് 14 വയസ്സുവരെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്നാണ്. പക്ഷെ എയ്ഡഡ് സ്കൂളുകളുടെ വാതിലുകള്‍ ദരിദ്രര്‍ക്കായി തുറക്കപ്പെടാറില്ല. ആദിവാസി-ഗ്രാമമേഖലകളില്‍ പല സ്കൂളുകളിലും ടീച്ചര്മാരില്ലാതിരിക്കുക, പരീക്ഷാഫലം മോശമാകുക മുതലായവ ഇന്ന് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. എല്ലാ കുട്ടികള്‍ക്കും ഒരേ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകവഴി വിദ്യാഭ്യാസത്തിലെ ഉച്ചനീചത്വം തുടച്ചുമാറ്റാന്‍ സഹായമാകും എന്നുമാത്രമല്ല, ബൗദ്ധിക ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുമാകും.
പക്ഷെ ഇങ്ങനെ വിദ്യാലയ വാതിലുകള്‍ തുറക്കപ്പെടുമ്പോഴും ഇന്ന് സ്കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. ഏകാധ്യാപക വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. പക്ഷെ അതില്‍ വിദ്യാര്‍ത്ഥികളും വിരളമാണ്. ഇന്ത്യയിലാകെ ഒരു ദശലക്ഷം അധ്യാപകരുടെ കുറവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടീച്ചര്‍ ട്രെയിനിംഗും നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കും ഇതോടൊപ്പം പരിഷ്ക്കരിക്കപ്പെടേണ്ടിവരും. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാന്‍ അഞ്ചുകൊല്ലത്തേയ്ക്ക് 4.50 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണ് പ്ലാനിംഗ് കമ്മീഷന്റെ കണക്ക്.
വിദ്യാഭ്യാസ അവകാശനിയമം സര്‍ക്കാര്‍-സ്വകാര്യ സ്കൂള്‍ വിദ്യാഭ്യാസ വിടവ് നികത്താന്‍ പര്യാപ്തമാണ്. സമ്പന്നരുടെ സ്വകാര്യ വിദ്യാലയങ്ങള്‍ ഏറ്റവും നൂതനമായ വിദ്യാഭ്യാസ രീതികളും ഉപകരണങ്ങളും ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഇന്നും പ്രാകൃത നിലവാരത്തില്‍നിന്നും വിമുക്തമല്ല-പ്രത്യേകിച്ചും വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ അധ്യക്ഷതയില്‍ ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അണ്‍എയ്ഡഡ് സ്വകാര്യ സ്കൂളുകള്‍ക്കും നിയമം ബാധകമാക്കി, ഈ നിയമം സ്ഥാപന കേന്ദ്രീകൃതമല്ല, കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണെന്ന് വിധിച്ചത്. എന്നാല്‍ ഈ മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് രാധാകൃഷ്ണന് വാദിച്ചത് സര്‍ക്കാര്‍ ധനസഹായം പറ്റാത്ത അണ്‍എയ്ഡഡ് സ്വകാര്യ സ്കൂളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു. ആവശ്യത്തിന് സ്കൂളുകള്‍ സ്ഥാപിക്കുന്ന ബാധ്യതയും പരിസരത്തുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതും സര്‍ക്കാരിന്റേയും സ്വയംഭരണ സ്ഥാപനങ്ങളുടേയും ചുമതലയായിരിക്കും.
ആവശ്യത്തിന് സ്കൂളുകളും അവയില്‍ ആവശ്യമുള്ള അധ്യാപകരും ഉണ്ടായാല്‍ മാത്രമേ കുട്ടികള്‍ക്ക് ഭരണഘടനാവകാശമായ സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം ലഭ്യമാകുകയുള്ളൂ. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചെയില്‍ഡ് റൈറ്റ്സിനും ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: