കര്‍ണാടകയിലെ വഖഫ് ഭൂമി കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 57000 ഏക്കര്‍ വഖഫ് ഭൂമിയില്‍ പകുതിയിലേറെ ഭൂമി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേലാളന്മാരുമെല്ലാം ചേര്‍ന്ന് തട്ടിയെടുത്തിരിക്കുന്നു. കര്‍ണാടക ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അന്‍വര്‍ മാനിപ്പാടിയാണ് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് ലക്ഷം കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതിന് ഉത്തരവാദികളായ 38 രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരുവിവരവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ കുംഭകോണം 2ജി സ്പെക്ട്രം അതിമഴിയെന്നാണ് കഴിഞ്ഞ ദിവസം വരെ കേട്ടിരുന്നത്. അതിനെയും കടത്തിവെട്ടിയ വഖഫ് തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളും ജനതാദള്‍ നേതാക്കളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
വ്യവസായ സംരംഭകര്‍ക്ക് ബാംഗ്ലൂരില്‍ നിയമാനുസൃതം ഭൂമി നല്‍കിയിരുന്നു. അതില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തില്‍പ്പെട്ടവരും ഉള്‍പ്പെട്ടതിന്റെ പേരില്‍ യദ്യൂരപ്പക്കെതിരെ സര്‍വസന്നാഹങ്ങളുമായി ഉറഞ്ഞുതുള്ളിയവരാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ നേതാക്കള്‍. ആരോപണ വിധേയനായ മുഖ്യമന്ത്രിയെ ബിജെപി മാറ്റുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നഗ്നമായ ഭൂമി തട്ടിപ്പിന്റെ ആധികാരിക രേഖ ന്യൂനപക്ഷ കമ്മീഷന് നിരത്തിയിരിക്കുകയാണ്. മുന്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനത്ത് മന്ത്രിമാരായിരുന്നവര്‍, എംഎല്‍എമാര്‍, വഖഫ് ബോര്‍ഡ് അംഗങ്ങള്‍, ദല്ലാളന്മാര് എന്നിവരെല്ലാം ആരോപണവിധേയരാണ്. പാവപ്പെട്ട മുസല്മാന് ആശ്രയമാകേണ്ട സമ്പത്താണ് കോണ്‍ഗ്രസ്സുകാരും ദള്കാരും വന്‍കിട ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. വഖഫ് ഭൂമി ദൈവത്തിന്റേതെന്നാണ് സങ്കല്പം. അതാണ് വന്‍തോതില്‍ കട്ട് വില്‍ക്കുകയും സ്വന്തമാക്കുകയും ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ ന്യൂനപക്ഷ പീഡനമെന്ന പേരില്‍ ഇക്കൂട്ടര്‍ രംഗത്തുവന്നുകൂടായ്കയില്ല. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: