ന്യൂദല്‍ഹി: വിദേശ ഇന്ത്യന്‍ വ്യവസായി അന്‍ശുമാന്‍ മിശ്ര ബിജെപി നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണം നിരുപാധികം പിന്‍വലിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിന് ഝാര്‍ഖണ്ഡില്‍നിന്നും നല്കിയ നാമനിര്‍ദ്ദേശത്തെ ബിജെപി നേതൃത്വം പിന്തുണക്കാത്തതിനെത്തുടര്ന്നാണ് മിശ്ര ബിജെപി നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നോട് പണം ആവശ്യപ്പെട്ടുവെന്നായിരുന്നു മിശ്ര ആരോപിച്ചത്. എന്നാല്‍ മിശ്രയുടെ ആരോപണത്തിനെതിരെ അരുണ്‍ ജെറ്റ്ലി മാനനഷ്ടത്തിന് നോട്ടീസയച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം ആരോപണം പിന്‍വലിക്കുകയായിരുന്നു. ബിജെപി നേതൃത്വത്തിനെതിരായ ആരോപണത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി മിശ്ര പറഞ്ഞു.
രാജ്യസഭയിലേക്ക് മിശ്രയെ പിന്തുണക്കാത്തതില്‍ പ്രതിഷേധിച്ച് അദ്വാനിക്കെതിരെയും മിശ്ര ആരോപണമുന്നയിച്ചിരുന്നു. ദേഷ്യം, വെറുപ്പ് തുടങ്ങിയ വികാരത്തിന് താന്‍ അടിപ്പെടുന്നില്ലെന്നും ക്രിയാത്മകമായി ചിന്തിക്കുകയാണെന്നും മിശ്ര പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ രാജ്യത്തിന്റെ സമയം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഴിമതി നക്സലിസം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ തങ്ങള്‍ക്ക് മുന്നിലുണ്ടെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: