കൊച്ചി: ലേക്ഷോര് ആശുപത്രിയില്‍ നടന്നുവരുന്ന നഴ്സുമാരുടെ സമരം തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ). അമ്പതോളം നഴ്സുമാര്‍ സമരത്തില്‍നിന്ന് പിന്തിരിഞ്ഞ് ജോലിയില്‍ പ്രവേശിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും സമരത്തെ തകര്‍ക്കാനുമുള്ള മാനേജ്മെന്റിന്റെ നീക്കമാണ്. ലേക്ഷോറിലെ സമരകാലയളവില്‍ പുതുതായി നിയമിച്ച സ്റ്റാഫുകളെയും വിദേശത്ത് പോകാന്‍ നില്‍ക്കുന്നവരെയും ഏതാനും ഹെഡ് നഴ്സുമാരെയും ഭീഷണിപ്പെടുത്തി സമരത്തില്‍ പങ്കെടുക്കില്ലെന്ന് എഴുതി ഒപ്പിടുവിക്കുകയാണ് മാനേജ്മെന്റ് ചെയ്തതെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
450 ഓളം നഴ്സുമാരാണ് രണ്ടാംഘട്ട സമരത്തില്‍ പങ്കെടുക്കുന്നത്. ഇവരാരുംതന്നെ സമരത്തില്‍നിന്ന് പിന്തിരിഞ്ഞിട്ടില്ല. സമരം ചെയ്തുവെന്നതിന്റെ പേരില്‍ ആരെയും ദ്രോഹിക്കാന്‍ തയ്യാറല്ലെന്ന് പറയുന്ന ആശുപത്രി എംഡി ഫിലിപ്പ് അഗസ്റ്റിന് ഇതിനോടകം ആറ്}നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. സമരം ചെയ്യുന്ന എല്ലാ നഴ്സുമാരെയും പിരിച്ചുവിടുമെന്നാണ് ഫിലിപ്പ് അഗസ്റ്റിന് ഭീഷണിപ്പെടുത്തുന്നത്.
കഴിഞ്ഞ 13 ദിവസമായി നടക്കുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സമര സമിതിയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ യുഎന്‍എയുടെ ലേക്ഷോര് യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ പി. ചാക്കോയുടെ നേതൃത്വത്തില്‍ നാളെ റിലേ നിരാഹാരം ആരംഭിക്കും. തുടര്‍ന്ന് അസോസിയേഷന്റെ നേതൃത്വത്തില്‍ എംഡി ഫിലിപ്പ് അഗസ്റ്റിന്റെ വീട് ഉപരോധിക്കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. മാടവന ജംഗ്ഷനില്‍നിന്നും പൊതുജനങ്ങളും നഴ്സുമാരും പങ്കെടുക്കുന്ന പ്രകടനം നടത്തും. സമരത്തില്‍നിന്ന് പിന്മാറി 59 പേര് തിരിച്ച് ജോലിയില്‍ പ്രവേശിച്ചെന്ന മാനേജ്മെന്റിന്റെ വാദം തെറ്റാണ്. സമരത്തിനിറങ്ങിയ നഴ്സുമാരില്‍ ആരും തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അസോസിയേഷന് പ്രസിഡന്റ് ജാസ്മിന് ഷാ, സുദീപ് കൃഷ്ണന്, ബിബിന്‍ പി. ചാക്കോ, ജിതിന് ലോഹി, വി. ഒ. ജോണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: