ആലുവ: തോട്ടയ്ക്കാട്ടുകര സ്പിരിറ്റ് കേസിലെ പ്രതി പാടിവട്ടം സ്വദേശി അജിത്തി(28)നെ തിങ്കളാഴ്ച ഹാജരാക്കുന്നതിന് ആലുവ കോടതി ഉത്തരവിട്ടു. ഡിഎംകെ നേതാവ് കതിരവനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ അജിത്ത് ഇപ്പോള്‍ മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്. ഇയാളെ ആലുവയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയുള്ള ഉത്തരവ് മധുര കോടതിവഴി മധുര സെന്‍ട്രല്‍ ജയിലധികൃതര്‍ക്ക് കൈമാറിയതായി എക്സൈസ് സിഐ രഞ്ജിത് അറിയിച്ചു. അദ്ദേഹം കഴിഞ്ഞദിവസം അജിത്തിനെ ജയിലില്‍ ചോദ്യം ചെയ്തിരുന്നു.
ആലുവ സ്പിരിറ്റ് കേസില്‍ പ്രതിയാക്കപ്പെട്ടശേഷമാണ് അജിത്തും സംഘവും തമിഴ്നാട്ടിലേക്ക് ഒളിത്താവളം മാറ്റിയത്. സ്പിരിറ്റ് കേസ് നടത്തിപ്പിന് പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് അടുത്തിടെ പോലീസുമായി ഏറ്റുമുട്ടി മരണമടഞ്ഞ പൂണിത്തുറ സ്വദേശി സിനോജുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ ഗുണ്ടാ പ്രവര്‍ത്തനം തുടര്‍ന്നത്. അജിത്തിനെ കൂടാതെ മലയാളിയായ വര്‍ഗീസും മധുര ജയിലിലുണ്ട്. അടുത്തിടെ മാത്രമാണ് സിനോജിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇയാളും തമിഴ്നാട്ടിലെത്തിയത്.
സ്പിരിറ്റ് കേസിലെ പിടികിട്ടാപ്പുള്ളികളിലൊരാളായ മരട് അനീഷും ഇവര്ക്കൊപ്പമുണ്ടായിരുന്നുവെങ്കിലും തമിഴ്നാട് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്നാട് പോലീസും ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്. മധുര ജയിലില്‍ വച്ച് ചോദ്യം ചെയ്യലിന് പരിമിതികളുള്ളതിനാല്‍ ഈ സംഘത്തില്‍ വേറെ ഏതൊക്കെ മലയാളികളുണ്ടെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തമിഴ്നാട്ടില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കെതന്നെ കേരളത്തിലും ഇവര്‍ പുതുതായി ചില സംഘങ്ങളെ റിക്രൂട്ട് ചെയ്ത് വരുന്നുണ്ടായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. സ്പിരിറ്റ് കേസില്‍ പിടിയിലായ സുറമിയെന്ന യുവതിയെ കൂടാതെ വേറെയും യുവതികളെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതിനും സ്പിരിറ്റ് വാഹനങ്ങളില്‍ അകമ്പടിക്കാരാക്കുന്നതിനും ഉപയോഗിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ ആഡംബര കാറുകളില്‍ കൊച്ചിയിലേക്ക് ഇവര്‍ ഇടക്കിടെ എത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: