കാലടി: ലോകാരോഗ്യസംഘടനയുടെ സഹകരണത്തോടെ റീജണല്‍ ക്യാന്‍സര്‍ അസോസിയേഷന് തീരുവനന്തപുരം സ്കൂളുകള്‍ വഴി നടപ്പാക്കുന്ന പുകയിലവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് നീലീശ്വരം എസ്എന്‍ഡിപി ഹൈസ്കൂളിന് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് വിദ്യാലയം ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. സംസ്ഥാനത്ത് മൂന്ന് വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളൂ. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സ്കൗട്ട് മാസ്റ്റര്‍ ആര്.ഗോപിക്ക് അപ്രിസിയേഷന്‍ അവാര്‍ഡ് ലഭിച്ചു.
സ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ആന്റി ടുബാക്കോ ഫോറം, പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യ ശാസ്ത്രക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പുകയില വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പരിപാടിയുടെ ആദ്യഘട്ടത്തില്‍ വിശദമായ സര്‍വേയിലൂടെ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തി. തുടര്‍ന്ന് ലഘുലേഖകള്‍, തെരുവ് നാടകങ്ങള്‍, ചിത്രപ്രദര്‍ശനങ്ങള്‍, സിഡി പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണ റാലികള്‍ എന്നിവയിലൂടെ ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പുകയിലവിരുദ്ധ പ്രസംഗം, ക്വിസ്, കാര്‍ട്ടൂണ്‍, പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങള്‍ നടത്തി.
സ്കൗട്ട് ട്രൂപ്പ് ലീഡര്‍ ദര്ശന് ധര്‍മരാജ്, ഗൈഡ് കമ്പനി ലീഡര്‍ ജിസി ദേവസി, സ്കൗട്ട് മാസ്റ്റര്‍ ആര്.ഗോപി, ഗൈഡ് ക്യാപ്റ്റന്മാരായ വി.എസ്.ബിന്ദു, കെ.എസ്.ഉഷ, ജിബി കുര്യാക്കോസ്, സ്മിത ചന്ദ്രന് എന്നിവരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡ് നേടിക്കൊടുത്തതെന്ന് പ്രധാനാദ്ധ്യാപിക വി.എന്‍.കോമളവല്ലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: