അങ്കമാലി: അങ്കമാലിയിലെ ബൈപാസിന് തുക അനുവദിച്ചില്ല. പ്രതിഷേധം ശക്തം. വിവിധ ജനകീയ സംഘടനകള്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് ഒരുങ്ങുന്നു. അങ്കമാലി ബൈപാസിന് ബഡ്ജറ്റില്‍ തുക അനുവദിക്കാത്തതില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അങ്കമാലി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. എം സി റോഡും ദേശീയ പാത 47ഉം സംഗമിക്കുന്ന അങ്കമാലിയിലെ ഗതാഗകുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തുക അനുവദിക്കാതിരുന്നത് അങ്കമാലിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന ബഡജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പേ തന്നെ മുഖ്യമന്ത്രി.
ധനകാര്യ വകുപ്പുമന്ത്രി, പൊതുമരാമത്തുമന്ത്രി, എക്സൈസ് വകുപ്പു മന്ത്രി എന്നിവര്‍ക്ക് അങ്കമാലി എംഎല്‍എ ജോസ് തെറ്റയില്‍, ചാലക്കുടി എംഎല്‍എ ബി. ഡി. ദേവസ്സി, പെരുമ്പാവൂര്‍ എംഎല്‍എ സാജു പോള്‍, പുതുക്കാട് എംഎല്‍എ പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ അങ്കമാലി ബൈപാസ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും എല്‍ഡിഎഫ് നേതാക്കന്മാരും നിവേദനം നല്കി നടത്തിയ ചര്‍ച്ചയില്‍ അങ്കമാലി ബൈപാസിന് ബഡ്ജറ്റില്‍ തുക അനുവദിക്കാമെന്ന് ഇവര്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണമൂലവും രാഷ്ട്രീയ വിരോധവും വച്ചുകൊണ്ടാണ് അങ്കമാലിയുടെ വികസനത്തിന് കുതിപ്പാകാവുന്ന അങ്കമാലി ബൈപാസിന് തുക അനുവദിക്കാതിരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അങ്കമാലിയില്‍ അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അത്തരത്തില്‍ വികസനരംഗത്ത് ഇനിയും മുന്നേറ്റമുണ്ടായാല്‍ രാഷ്ട്രീയമായി യുഡിഎഫിന് ദോഷം ചെയ്യുമെന്ന ചിന്തയാണ് അങ്കമാലിയുടെ വികസനത്തിനായി ഒരു ഫണ്ടും നീക്കി വക്കാതിരുന്നത്.
അങ്കമാലി മണ്ഡലത്തിന്റെ പ്രധാന വികസനമായ ബൈപാസിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ എല്ലാം കഴിഞ്ഞിട്ടും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന ഗവണ്മെന്റ് അലംഭാവം കാണിക്കുകയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന മന്ത്രിസഭയും അങ്കമാലി കോണ്‍ഗ്രസ് നേതൃത്വവും അങ്കമാലി ജനതയുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ തുടങ്ങിവച്ച ബൈപാസിന്റെ തുടര്‍നടപടികള്‍ നടത്തിയെടുക്കുന്നതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സന്ധിയില്ലാ സമരത്തിന് തയ്യാറെടുക്കുകയാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: