കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പോളിംഗ് പരിശീലനങ്ങളില്‍ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് നിര്‍ദേശിച്ചു. പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റുള്‍പെടെയുള്ള നിയമപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ പേരുവിവരം അടിയന്തരമായി ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള വിവരങ്ങള്‍ ശേഖരിച്ചു ഉടന്‍ കൈമാറാനുള്ള ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് വിഭാഗം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള അന്തിമ പരിശീലനത്തിന് ഇന്ന് മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ തുടക്കം കുറിക്കുകയാണ്. ആദ്യ ഘട്ട പരിശീലനം മാര്‍ച്ച് ഒന്നു മുതല്‍ എട്ടു വരെയായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള എണ്ണൂറോളം ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. ഓഫീസ്, വിട്ടുവിലാസങ്ങളും ഫോണ്‍ നമ്പറും സഹിതമാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.
ഡ്യൂട്ടിക്കെത്താത്തവരെ കുറിച്ചുള്ള സന്ദേശം ഉടനടി ബന്ധപ്പെട്ടവര്‍ക്ക് കൈമാറി മേല്‍നടപടി സ്വീകരിക്കാനാണ് ഇത്തരം നടപടികളെന്നും കളക്ടര്‍ പറഞ്ഞു. ഇതോടൊപ്പം ആരോഗ്യപരമായ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പു ജോലികളില്‍ നിന്നു വിട്ടു നില്‍ക്കുന്നവരെ മെഡിക്കല്‍ ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കി പരിശോധനയ്ക്കു വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: