നെടുമ്പാശ്ശേരി: ഹൃദയ സ്തംഭനം മൂലം മരണത്തെ മുഖാമുഖം കാണുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഹൃദയമിടിപ്പ് വീണ്ടെടുക്കുന്ന ആധുനിക ഹൃദയസംരക്ഷണ ഉപകരണം സിയാല്‍ പ്രവര്‍ത്തന സജ്ജമായി. ദിവസേന 12,000 ലേറെ യാത്രക്കാരും അതിലേറെ സന്ദര്‍ശകരും വന്നുപോകുന്ന വിമാനത്താവളത്തിലെ അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളില്‍ ഈ ഉപകരണത്തിന്റെ സേവനം ലഭ്യമാണ്.
പവര്ഹാര്ട്ട് ആട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡെഫിബ്രിലേറ്റര്‍ (എഇഡി) എന്ന ഉപകരണമാണ് ഹൃദയസ്തംഭനം മൂലമുള്ള മരണത്തെ പ്രതിരോധിക്കുവാന്‍ അടിയന്തര ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം തലച്ചേറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും നാല് മുതല്‍ ആറ് മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിന് കാരണമാവുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഇഡി ഉപയോഗിച്ച് രോഗിയുടെ ഹൃദയത്തിലേക്ക് ഇലട്രിക് ഷോക്ക് കടത്തി വിടുന്നതോടെ ഹൃദയമിടിപ്പ് വീണ്ടെടുക്കുവാനും തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്കിയാല് ജീവന് രക്ഷിക്കുവാനും കഴിയും.
ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ഹാര്‍ട്ട് കീയര്‍ ഫണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹൃദയസ്തംഭനം അനുഭവപ്പെടുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട പ്രാഥമിക ചികിത്സകളെക്കുറിച്ചും വിശദീകരിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വിജെ കുര്യന് ഐഎഎസ്, ഒപ്റ്റോസര്ക്യൂട്ട് സിഎംഡി വിനോദ് രാംനാനി, വിവേക് മല്‍ഹോത്ര എന്നിവര്‍ പങ്കെടുത്തു.
ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെ നിര്‍മാണ-വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ ബംഗളൂരു ആസ്ഥാനമായ ഒപ്റ്റോ സര്‍ക്യൂട്ട്സ് ഇന്ത്യ ലിമിറ്റഡാണ് ഹാര്‍ട്ട് കീയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് സിയാല്‍ ഈ സൗകര്യം ഒരുക്കുന്നത്. ദല്‍ഹി, ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷനുകള്‍, മുംബൈ പ്രസ് ക്ലബ് എന്നിവിടങ്ങളില്‍ മാത്രമാണ് ഒപ്റ്റോ സര്‍ക്യൂട്ട് ഇപ്പോള്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: