കൊച്ചി: ദേശീയപാത 17 ലെ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ കുടിയൊഴിപ്പിച്ച് കാടുകയറി കിടക്കുന്ന 30 മീറ്റര്‍ വീതി ഉപയോഗിച്ച് അടിയന്തരമായി ആറ് അല്ലെങ്കില്‍ നാലു വരിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എന്‍എച്ച് 17 സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10ന് കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. സ്ത്രീകളും കുട്ടികളുമടക്കം പ്രകടനമായാണ് കളക്ട്രേറ്റിലേക്ക് എത്തുക. ഹൈബി ഈഡന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന് എംഎല്‍എ, കെ.ചന്ദ്രന്‍പിള്ള, പന്ന്യന്‍ രവീന്ദ്രന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, സി.ആര്.നീലകണ്ഠന്, ഇ.വി.മുഹമ്മദാലി, അഡ്വ.എന്‍.എ.അലി, കെ.കെ.സുരേഷ്ബാബു എന്നിവര്‍ പങ്കെടുക്കും.
ഇടപ്പള്ളി മേല്‍പ്പാലവും കണ്ടെയ്നര്‍ ടെര്‍മിനലും തുറന്നതോടെ ഉണ്ടായിട്ടുള്ള ഗതാഗത തടസ്സത്തിന് ഏകപരിഹാരം ഏറ്റെടുത്തുകഴിഞ്ഞ 30 മീറ്ററില്‍ ഉടന്‍ 4 വരിപ്പാത നിര്‍മ്മിക്കുക എന്നതാണ്. 15 മീറ്റര്‍ കൂടി ഏറ്റെടുത്താലെ റോഡ് നിര്‍മ്മിക്ക് എന്ന ദുര്‍വാശി ഹൈവേ അതോറിറ്റി ഉന്നയിക്കുന്നത് ബിഒടിയും ടോളും അടിച്ചേല്‍പ്പിക്കാനാണ്. ഇത് നടപ്പിലാക്കണമെങ്കില്‍ 30 മീറ്റര്‍ സ്ഥലമെടുപ്പില്‍ യാതൊരു പാക്കേജോ പുനരധിവാസമോ നല്‍കാതെ കുടിയിറക്കപ്പെട്ടവര്‍, അവിശിഷ്ട തുണ്ട് ഭുമികളില്‍ പുറകോട്ട് മാറി സ്വയം പുനരധിവസിച്ച വീടുകളില്‍നിന്ന് വീണ്ടും കുടിയൊഴിപ്പിക്കണം. സാമൂഹ്യ നീതിക്കും മനുഷ്യത്വത്തിനും നിരക്കാത്ത ആവര്‍ത്തിച്ചുള്ള കൂടിയൊഴിപ്പിക്കലിനെതിരെ പ്രദേശത്തെ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 30 മീറ്റര്‍ വീതിയില്‍ കൂടിയൊഴിപ്പിച്ച് ഏറ്റെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ആദ്യം കുടിയിറക്കിയവരെ തന്നെ ആവര്‍ത്തിച്ച് വീണ്ടും കുടിയൊഴിപ്പിക്കാനുള്ള ഏത് ശ്രമവും ജീവന് കൊടുത്തും ചെറുക്കാന്‍ സമര സമിതി പ്രതിജ്ഞാബദ്ധരാണെന്ന് എന്‍എച്ച് 17 സംയുക്ത സമരസമിതി ചെയര്മാന് ഹാഷിം ചേന്നാമ്പിള്ളി കണ്‍വീനര്‍ സത്യന് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: