തൃപ്പൂണിത്തുറ: കൊച്ചി മെട്രോറെയില്‍ ടെര്‍മിനല്‍ സ്റ്റേഷനുവേണ്ടി പേട്ടയില്‍ അധികസ്ഥലം രാത്രിസമയം രഹസ്യമായി മാര്ക്കുചെയ്തതായി ആരോപണം.
കൊച്ചിമെട്രോറെയില്‍ പദ്ധതിയുടെ ഭാഗമായീപേട്ടയിലാണ് ടെര്‍മിനല്‍ സ്റ്റേഷന് പണിയുന്നത്. ഇതിനായി നേരത്തെതീരുമാനിച്ചതിലും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് രണ്ടുദിവസം മുമ്പ് രാത്രിയില്‍ ബന്ധപ്പെട്ടവരെത്തിസ്ഥലം രഹസ്യമായി അടയാളപ്പെടുത്തിയത്. പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പ് ഭയന്നാണ് ഇത്തരമൊരു നടപടി.
പേട്ട ജംഗ്ഷന് വടക്കുഭാഗത്ത് കിഴക്കുവശത്തായിട്ടാണ് ടെര്‍മിനല്‍ സ്റ്റേഷന് പണിയുന്നതിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്. ഇവിടെ ആദ്യം അടയാളപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്ഥലം കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാണ് മാര്‍ക്കിങ്ങ് നടത്തിയതെന്ന് പേട്ടയിലെ സമര സമിതി നേതാക്കള്‍ പറഞ്ഞു.
രഹസ്യമാര്ക്കിങ് നടത്തിയതു പ്രകാരം പേട്ടയിലെ സുഭാഷ് സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ ഭാഗങ്ങള്‍ ടെര്‍മിനല്‍ സ്റ്റേഷനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ഏറ്റെടുക്കും. ടെര്‍മിനല്‍ സ്റ്റേഷന് സമീപം വിപുലമായ പാര്‍ക്കിങ്ങ് ഏരിയ ആവശ്യമായതിനാല്‍ നേരത്തെ തീരുമാനിച്ചിട്ടുള്ളതിലും കൂടുതല്‍ സ്ഥലം ഈ ഭാഗത്ത് വേണ്ടിവരുമെന്നതും ഉറപ്പാണ്. യാത്രക്കാര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തേണ്ടതുണ്ട്.
ടെര്‍മിനല്‍ സ്റ്റേഷന് വികസനം സംബന്ധിച്ച് ഭാവിയില്‍ ഉണ്ടാകുന്ന ആവശ്യങ്ങള്‍ക്കും സ്ഥലം ആവശ്യമാണ്. ഇത്തരം വസ്തുതള്‍ കൂടി പരിശോധിച്ചാണ് പേട്ടയില്‍ അധികസ്ഥലം മെട്രോറെയില്‍ കോര്പ്പറേഷന് ലഷ്യമിടുന്നത്.
അതേസമയം, പേട്ടയില്‍ അവസാനിക്കുന്ന മെട്രോറെയില്‍ പദ്ധതിയുടെ ആദ്യഘട്ടം തൃപ്പൂണിത്തുറ നഗരസഭാ പ്രദേശം വരെ നീട്ടണമെന്ന ശക്തമായ അഭിപ്രായങ്ങളും ആവശ്യങ്ങളും അട്ടിമറിക്കപ്പെടുകയായിരുന്നു വെന്ന് സൂചനയുണ്ട്. ഇങ്ങിനെ യൊരാവശ്യം ഉന്നയിക്കപ്പെട്ടത് ഉദ്യോഗസ്ഥലോബി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുമ്പാകെ സമര്‍പ്പിക്കുകയുണ്ടായില്ല. ഇതാണ് പ്രസ്തുത ആവശ്യം ഇപ്പോള്‍ നിരാകരിക്കപ്പെടാന്‍ കാരണം.
വൈറ്റില- പേട്ടറോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലമെടുപ്പ് തീരുമാനവും അനിശ്ചിതത്വത്തിലാണ്. ഇതു സംബന്ധിച്ച തീരുമാനം ഇനി സംസ്ഥാന സര്‍ക്കാരാണ് എടുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: