കൊല്ലം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ കൊല്ലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൊച്ചി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘമാണ് ആയുധങ്ങള്‍ ഹാജരാക്കിയത്.
ഉദ്യോഗസ്ഥര്‍ കൊണ്ടു വന്ന സെര്‍ച്ച് ലിസ്റ്റ് ആയുധങ്ങളുമായി ഒത്തുനോക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കോടതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത് നടക്കുന്നത്. കോടതിയുടെ പരിശോധനകള്‍ക്ക് ശേഷം വിദഗ്ദ്ധ പരിശോധനയ്ക്കായി ആയുധങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കും. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഇന്നലെ പുലര്‍ച്ചെ വരെ കപ്പലില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയ തോക്കുകളും മറ്റ് രേഖകളും ഫോര്‍ട്ടുകൊച്ചി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ നാല് പെട്ടികളിലായാണ് സൂക്ഷിച്ചിരുന്നത്. ആറ് റൈഫിളുകളും രണ്ട് മൗണ്ടഡ് മെഷീന് ഗണ്ണുകളും ചില രേഖകളുമാണ് കപ്പലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
ഇറ്റാലിയന്‍ നിര്‍മിത വെറിറ്റ എ.ആര്.എക്സ് വിഭാഗത്തില്‍പ്പെട്ട തോക്കുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം പോലീസ് നല്‍കിയില്ല. കപ്പലിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ആറ് ഇറ്റാലിയന്‍ നാവിക കമാന്‍ഡോകളുടേയും ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: