തൃശൂര്‍ : മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭ സുരേന്ദ്രന്, ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്കുമാര്‍ അടക്കമുള്ള ബിജെപി നേതാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ ബിജെപി ആഹ്വാനം ചെയ്ത തൃശൂര്‍ ജില്ല ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങളും വാഹനഗതാഗതവും സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു.
ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നേതാക്കളെ ലാത്തികൊണ്ടടിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ച പോലീസിന്റെ നടപടിക്കെതിരെ ജില്ലയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടിനെ പുരുഷപോലീസുകാര്‍ തല്ലിച്ചതച്ചതിനെതിരെ നിരവധി വനിതാസംഘടനകളും രംഗത്തുവന്നു. ജില്ലയിലെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.
ഹര്‍ത്താലിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ നടന്ന പ്രകടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി അടിച്ചമര്‍ത്താനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് കെ.പി.ശ്രീശന് മാസ്റ്റര്‍ പറഞ്ഞു. സര്‍ക്കാരും ടോള്‍ മുതലാളിമാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സമരത്തെ പോലീസ് അടിച്ചമര്‍ത്താനുള്ള കാരണം.
യോഗത്തില്‍ തൃശൂര്‍ മണ്ഡലം പ്രസിഡണ്ട് ഷാജന് ദേവസ്വം പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.കെ.സുരേന്ദ്രന്, അഡ്വ. രവികുമാര്‍ ഉപ്പത്ത്, ജില്ല വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, എംപി രാജന്, എം.ജി.പുഷ്പാംഗദന്, പി.ജി.ജയന്, ശ്രീജി അയ്യന്തോള്‍, രഘുനാഥ് സി. മേനോന്, സജിത് നായര്‍, ശശി ചെറുവാറ, സജീവന് വിയ്യൂര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം പ്രദക്ഷിണവഴി ചുറ്റി നടുവിലാലില്‍ സമാപിച്ചു.
ജനപക്ഷത്തുനിന്നുകൊണ്ട് സമരം ചെയ്ത ബിജെപി നേതാക്കളെ അടിച്ചമര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താല്‍ വിജയിപ്പിച്ച ജനങ്ങളോട് നന്ദിരേഖപ്പെടുത്തുന്നതായി ജില്ല ജനറല്‍ സെക്രട്ടറി എ.നാഗേഷ് പ്രസ്താവനയില്‍ അറിയിച്ചു. ബിജെപി നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: