പ്രശാന്ത് വര്‍മ്മ പാടുകയാണ് ഒപ്പം ഏറെ യുവാക്കളും. സിനിമാഗാനങ്ങളോ പാരഡി ഗാനങ്ങളോ അല്ല. ക്ഷേത്രാധിഷ്ഠിതമായ നാമസങ്കീര്‍ത്തനം. ‘നിറമോലും പീലി….നെറുകയില്‍ ചൂടിയ യദുകുലനാഥന്….. ഇന്നുവരും…. കണ്ണീരിലലിയാത്ത എന്റെ ദുഃഖം…..’ പ്രശാന്ത് വര്‍മ്മയുടെ ശബ്ദമാധുര്യം നിറഞ്ഞൊഴുകുമ്പോള്‍ വന്നണയുന്നത് ഭക്തിയുടെ അനന്തകോടി പുണ്യമാണ്. യുവതലമുറ പുത്തന്കാലഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ നാമഘോഷലഹരിയിലൂടെ ഇത്രയേറെ ആരാധകരെ സൃഷ്ടിച്ചെടുത്ത ഒരു ഉത്തമഗായകനാണ് കോഴിക്കോട് സാമൂതിരി കുടുംബത്തിലെ രാമവര്‍മ്മരാജയുടേയും പത്മവല്ലി തമ്പുരാട്ടിയുടേയും മകനായ പ്രശാന്ത് വര്‍മ്മ. ഭക്തിയുടെ തീവ്രമായ എല്ലാതലങ്ങളിലേക്കും സദസിനെ കൂട്ടികൊണ്ടുപോകയാണ് അദ്ദേഹം. മണിക്കൂറുകള്‍ നീളുന്ന നാമസങ്കീര്‍ത്തനത്തിലൂടെ സദസില്‍ സന്തോഷവും ഭക്തിപാരവശ്യത്താലുള്ള കണ്ണീരും പൊഴിയുന്നു. ഞാനെന്ന ഭാവം ഇല്ലാതെ പ്രശാന്ത് വര്‍മ്മയെന്ന വര്‍മ്മാജിക്കൊപ്പം ലയിക്കുന്നു.
കുമാരകേരളവര്മ്മയുടെ പരമ്പരയില്‍പ്പെട്ട തിരുവണ്ണൂര്‍ കോവിലകത്ത് ജനിച്ച പ്രശാന്ത് വര്‍മ്മ ഏഴാം വയസിലാണ് സംഗീതതീര്ത്ഥാടനം ആരംഭിച്ചത്. അച്ഛന് മൃദംഗകലാകാരന്‍, അമ്മ മികച്ച നര്‍ത്തകികൂടിയാണ്. 45 വയസിനിടയില്‍ ആയിരത്തിലധികം വേദികളില്‍ നാമസങ്കീര്‍ത്തനം നടത്തി. ജി.ദേവരാജന്‍ മാസ്റ്ററുടെ കീഴില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി ക്വയറില്‍ പ്രധാനിയായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കീഴില്‍ ക്വയര്വര്ക്ക് നടത്തി. ഇതോടൊപ്പം കൈതപ്രം വിശ്വനാഥനോടൊപ്പവും പ്രവര്‍ത്തിച്ചു.
ശ്രീശ്രീരവിശങ്കറിന്റെ ആശ്രമത്തില്‍ സുന്ദരകണ്ണാ…..വന്ദിതരൂപ എന്ന ഭജനയോടെ സത്സംഗില് ഇടംനേടി. കേരളത്തിലെ 17ഓളം ഭജന്‍ സംഘത്തില്‍ മുഖ്യഗായകന്‍. 14ഓളം ഭജന്‍ സിഡികള്‍ പ്രശാന്ത് വര്‍മ്മ പുറത്തിറക്കി. കോയമ്പത്തൂര്‍ സുലൂര്‍ അയ്യപ്പഭക്തസംഘം ‘നാമസങ്കീര്‍ത്തനകോകിലം’ പുരസ്കാരം, സൂര്യകാലടി മനയുടെ ‘ഗണപത്യസുധാരണം’, ചങ്ങനാശേരി വാകത്താനം വിശ്വകര്‍മ്മ മഹാദേവ ക്ഷേത്രത്തിന്റെ രക്തകണ്ഠസുഗുണോപാസക് തുടങ്ങി ഏറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദേവാലയങ്ങളില്‍ മാത്രമല്ല വീടുകളിലും മൊബെയിലുകളിലും പ്രശാന്ത് വര്‍മ്മയുടെ നാമസങ്കീര്‍ത്തനം സംഗീതധാരയായി ഒഴുകുന്നു. ഇതിലൂടെ യാതൊരുവിധ സാമ്പത്തികനേട്ടവുംഇല്ലായെന്നതാണ് ഏറെ പ്രത്യേകത. ഓരോ ഗ്രാമങ്ങളിലും ചെന്ന് യുവാക്കളെ സംഘടിപ്പിച്ച് ഭക്തിയുടെ ആവശ്യകത പകര്‍ന്നുകൊടുത്ത് നേര്‍ദിശയിലേക്ക് നയിക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുപോകുകയാണ് അദ്ദേഹം. നാമസങ്കീര്‍ത്തനത്തില്‍ മുഴുകുമ്പോള്‍ പിന്നെ പരിസരത്ത് എന്ത് സംഭവിക്കുന്നു എന്ന് വര്‍മ്മാജി അറിയില്ല. അത്രയ്ക്കേറെ ആ ലഹരിയില്‍ ലയിപ്പിച്ചായിരിക്കും പാടുക. എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച്…..
ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ വെങ്ങിണിശേരി എന്ന ഗ്രാമത്തില്‍ യുവതലമുറ വഴിതെറ്റി സഞ്ചരിക്കുന്നതിനിടയിലാണ് പ്രശാന്ത് വര്‍മ്മ എത്തുന്നത്. ചേറാട്ട് തൃക്കോവ് ശിവക്ഷേത്രം കേന്ദ്രീകരിച്ച് അദ്ദേഹം ആരംഭിച്ച ഭജനമണ്ഡലി നാടിനെ ഏറെ മാറ്റിമറിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ നിന്ന് മോചിതരായി ഇപ്പോള്‍ സംഗീതലഹരിയിലാണ്. 80 ഓളം യുവാക്കളാണ് വര്‍മ്മാജിയുടെ താളത്തിനൊത്ത് ഇപ്പോള്‍ പാടുന്നത്. 41 ഞായറാഴ്ചകളിലായി തുടര്‍ന്ന് വന്ന സംഗീതസപര്യ ഇന്ന് അവിടെ പര്യവസാനിക്കുമ്പോള്‍ വെങ്ങിണിശേരി ഗ്രാമം പ്രശാന്ത് വര്‍മ്മയെ ആദരിക്കുകയാണ്. ചടങ്ങില്‍ പങ്കെടുക്കുന്നതാകട്ടെ തന്റെ ഗുരുകൂടിയായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ളവര്‍. ഈ ലോകത്ത് ഇതെങ്കിലും തനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് പ്രശാന്ത് വര്‍മ്മ. കീരാലൂര് സ്വദേശിനി ഓമനയാണ് ഭാര്യ.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: