കടുത്തുരുത്തി: ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ വീണ്ടും സ്ത്രീകള്‍ക്കുനേരെ ആക്രമണം. കോട്ടയം -എറണാകുളം പാസഞ്ചറില്‍ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ലേഡീസ് കമ്പാര്ട്ട്മെന്റ്ലെ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത്. ഓടി രക്ഷപ്പെട്ട അക്രമിയെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി പോലീസിലേല്‍പ്പിച്ചു.
പൂനെ ആനന്ദസാഗര്‍ സ്വദേശി സദാനന്ദദേശ്മുഖ് (55) ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റെയില്‍വേ പോലീസിന് കൈമാറി. ഏറ്റുമാനൂര്‍ ഐടിഐയിലെ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിക്ക് കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം.
ട്രെയിന്‍ നീങ്ങിത്തുടങ്ങുന്ന സമയത്ത് ലേഡീസ് കമ്പാര്‍ട്ട്മെന്റിലേക്ക് ചാടിക്കയറിയ ദേശ്മുഖ് വാതില്ക്കല്നിന്ന പെണ്‍കുട്ടികളെ ബലമായി തള്ളിമാറ്റിയാണ് ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിക്കൂടിയത്. ഇയാളുടെ ബലപ്രയോഗത്തിനിടെ കടുത്തുരുത്തി സ്വദേശിനിയായ സോയ എന്ന പെണ്‍കുട്ടി ട്രെയിനിനുള്ളില്‍ത്തന്നെ താഴെവീണു. ഇതുകണ്ട് ഭയന്ന മറ്റ് നാല് കൂട്ടുകാരികളും നിലവിളിച്ച് കമ്പാര്‍ട്ട്മെന്റിന്റെ മേറ്റ് അറ്റത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ നിഷ എന്ന പെണ്‍കുട്ടി ഭയന്ന് ബോധം കെട്ട് ട്രെയിനില്‍ വീഴുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ ചങ്ങലവലിച്ച് സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിന്‍ നിര്‍ത്തിച്ചു. രംഗം വഷളാകുന്നത് തിരിച്ചറിഞ്ഞ പ്രതി സദാനന്ദദേശ്മുഖ് ട്രെയിനില്‍ നിന്ന് ചാടിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് റെയില്‍വേ പോലീസിന് കൈമാറി.
ഭയന്നുപോയ അഞ്ച് പെണ്‍കുട്ടികളെയും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് മുട്ടുച്ചിറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞ് വീണ നിഷയ്ക്കും മറ്റ് കുട്ടികള്‍ക്കും പ്രാഥമിക ശുശ്രൂഷകള്‍ നല്കി വിട്ടയച്ചു.
വിവരമറിഞ്ഞ് സ്ഥലം എം എല്‍ എ മോന്‍സ് ജോസഫ്, ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ജയപ്രകാശ്, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പരിക്കേറ്റ പെണ്‍കുട്ടികളെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. പാലാ ഡിവൈഎസ്പി രമേഷ്, കടുത്തുരുത്തി സിഐ രാജീവ് എസ്ഐ ജിനചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ സദാനന്ദദേശ്മുഖിനെ റിമാന്റ് ചെയ്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: