നഴ്സുമാരും സ്വകാര്യ സ്ഥാപന അധ്യാപകരുമാണ് മാനേജുമെന്റുകളുടെ ഏറ്റവുമധികം ചൂഷണത്തിന് വിധേയരാകുന്നത് എന്ന ഹൈക്കോടതി നിരീക്ഷണം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്. പത്തുവര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുണ്ടായിട്ടും തുച്ഛമായ ശമ്പളമാണ് നഴ്സുമാര്‍ക്ക് ലഭിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് വേതനം ലഭിക്കാതെ വരുമ്പോള്‍ അവരും സമരം ചെയ്യുന്നു. നഴ്സുമാരുടെ സേവനം അവശ്യ സര്‍വീസാണെന്ന് ചൂണ്ടിക്കാണിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കോടതി പറഞ്ഞത് അവശ്യ സര്‍വീസിന്റെ പേരില്‍ നഴ്സുമാരെ ചൂഷണം ചെയ്യുകയും അടിസ്ഥാന ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നമാണ്. നഴ്സുമാര്‍ സമരം ചെയ്യുന്നത് അംഗീകൃത തൊഴില്‍ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചതിന്റെ പേരിലാണ്. മിനിമം വേജസ് ആക്ട് പ്രകാരം ആണ് വേതനവും ആനുകൂല്യവും നല്‍കേണ്ടത്. പക്ഷെ കേരളത്തിലെ 24 ആശുപത്രികള്‍ ഈ നിബന്ധന പാലിക്കുന്നില്ലെന്ന് ലേബര്‍ കമ്മീഷന് കണ്ടെത്തിയിരുന്നു. നഴ്സുമാര്‍ക്ക് മാസത്തില്‍ 30 ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അഞ്ചുരോഗിയ്ക്ക് ഒരു നഴ്സ് എന്നാണ് രാജ്യാന്തര അനുപാതം എങ്കിലും കേരളത്തില്‍ 100 രോഗികളെ പരിചരിക്കുന്നത് ഒരേ ഒരു നഴ്സിന്റെ ചുമതലയാണ്.
അടിമപ്പണി ലോകത്ത് നിര്ത്തലാക്കപ്പെട്ടിട്ട് നൂറ്റാണ്ടുകളായി. പക്ഷെ നഴ്സിംഗ് മേഖലയില്‍ ഇത് ഇപ്പോഴും പ്രബലമാണ്. ഒന്‍പതുലക്ഷം രൂപയോളം വിദ്യാഭ്യാസ വായ്പ എടുത്ത് പഠിക്കുന്ന നഴ്സുമാര്‍ തുച്ഛമായ ശമ്പളത്തില്‍ ജോലിയ്ക്കു കയറുമ്പോള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നു എന്നുമാത്രമല്ല, 50,000 മുതല്‍ ഒരുലക്ഷം രൂപയ്ക്കുവരെ ബോണ്ടും സമര്‍പ്പിക്കേണ്ടിവരുന്നു. ഇടയ്ക്കു പിരിഞ്ഞാല്‍ സേവന സര്‍ട്ടിഫിക്കറ്റും നല്കാന് അധികൃതര്‍ വിസമ്മതിക്കുന്നു. നഴ്സുമാര്‍ അനുഭവിക്കുന്ന കഠിനമായ ശാരീരിക-മാനസിക സംഘര്‍ഷത്തെ ചൂണ്ടിക്കാണിച്ച് കോടതി നിരീക്ഷിച്ചത് ഡോക്ടര്‍മാര്‍ക്ക് ജോലി സംബന്ധമായ മാനസിക സംഘര്‍ഷം മാത്രമേ അനുഭവിക്കേണ്ടിവരുന്നുള്ളൂ എന്നാണ്. നഴ്സുമാരുടെ സേവനം അവശ്യസേവനമാക്കണം എന്ന് രോഗികള്‍ ആവശ്യപ്പെടുമ്പോള്‍ അതിനനുയോജ്യമായ സേവന-വേതന-മാനസിക അവസ്ഥകൂടി ഉറപ്പാക്കേണ്ടതുണ്ട് എന്നത് വിസ്മരിക്കപ്പെടുന്നു. “നഴ്സുമാര്‍ അടിമകളല്ല” എന്നാണ് അവരുടെ മുദ്രാവാക്യം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: