വേദാന്തമാണ് ഭാരതത്തിലെ മതജീവിതത്തിന്റെ അടിസ്ഥാനത്തെയാകെ ദ്യോതിപ്പിക്കുന്നു. അത് വേദാന്തത്തിന്റെ ഒരു ഭാഗമാകയാല്‍ നമുക്കുള്ള ഏറ്റവും പ്രാചീനമായ സാഹിത്യമാണന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇന്നത്തെ പണ്ഡിതന്മാരുടെ അഭിപ്രായമെന്തായാലും, വേദത്തിന്റെ ചില ഭാഗങ്ങള്‍ ഒരുകാലത്തും മറ്റുള്ളവ മറ്റൊരുകാലത്തും എഴുതിയതാണെന്ന് സമ്മതിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാകില്ല., വേദങ്ങള്‍ ഒരേ ഒരുകാലത്തുണ്ടായതുതന്നെയാണ്. കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാല്‍, ഒരിക്കലും ഉണ്ടായതല്ല. മറിച്ച്, ഈശ്വരന്റെ മനസ്സില്‍ എക്കാലവും നിലകൊള്ളുന്നവയാണെന്ന വിശ്വാസത്തെയത്രേ അവര്‍ സ്വാഭാവികമായി മുറികെപ്പിടിക്കുന്നത്. വേദാന്തമെന്ന വാക്കുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്, അത് ഭാരതത്തിലെ ദ്വൈതത്തിന്റെയും വിശിഷ്ടാദ്വൈതത്തിന്റെയും അദ്വൈതത്തിന്റെയും അടിസ്ഥാനത്തെ ഒരുപോലെ ചൂണ്ടിക്കാട്ടുന്നു എന്നാണ്. ഒരുപക്ഷേ ബുദ്ധ-ജൈന മതങ്ങളുടെ ചില പ്രത്യേകാംശങ്ങള്‍ പോലും നമുക്ക് കൈക്കൊള്ളാന്‍ കഴിഞ്ഞേക്കും. കാരണം നമ്മുടെ ഹൃദയത്തിന് അത്ര വിശാലതയുണ്ട്. അവരാണ് അകത്തു കടക്കാന്‍ കൂട്ടാക്കാത്തത്; നാം തയ്യാറാണ്. സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ കാണാം, ബുദ്ധമതസാരമൊക്കെയും ഉപനിഷത്തുകളില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണെന്ന്. വമ്പിച്ചതെന്നും അത്ഭുതകരമെന്നും പറയപ്പെടുന്ന ബുദ്ധമതത്തിന്റെയും ആചാരശാസ്ത്രംപോലും ഒരുപനിഷത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ വാക്കിനുവാക്കായിട്ടുള്ളതാണ്; അതുപോലെ ജൈനമതത്തിലെ കാടുകയറ്റങ്ങള്‍ ഒഴിച്ചുള്ള നല്ല സിദ്ധാന്തങ്ങളും.
ഓരോ ഉപനിഷത്തിലും വേണ്ടത്ര ഭക്തിയുണ്ട്. പക്ഷേ, പില്ക്കാലത്ത് പുരാണങ്ങളും മറ്റ് സ്മൃതികളിലും പൂര്‍ണമായി വികസിച്ചുവന്ന ആശയങ്ങളുടെ ബീജരൂപങ്ങള്‍ മാത്രമേ ഉപനിഷത്തുകളില്‍ കാണാന്‍ കഴിയും. രേഖാചിത്രം, ചട്ടക്കൂട് എന്ന് പറയട്ടെ, അതവിടെയുണ്ട്. ചില പുരാണങ്ങളില്‍ ഇത് പൂരിപ്പിച്ചുകാണുന്നു. ഏതായാലും, പൂര്‍ണവികാസം പ്രാപിച്ച ഒരു ഭാരതീയദര്‍ശനവും ഉപനിഷത്തുകളാവുന്ന അതേ ഉറവിടത്തില്‍ അങ്കുരിക്കാത്തതായിട്ടില്ല. ഉപനിഷത്തുകളില്‍ പറയത്തക്ക പാണ്ഡിത്യമില്ലാത്ത ചിലര്‍, വിദേശീയമായ ചില ഉറവിടങ്ങളില്‍ നിന്നാണ് ഭക്തി ഇവിടെ വന്നുചേര്‍ന്നതെന്ന് വരുത്താന്‍ പരിഹാസ്യമായി പല മട്ടിലും പ്രയത്നിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്കറിയാം ഇവയെല്ലാം വിഫലമായിരിക്കയാണെന്ന്. ഭക്തിക്ക് എന്തൊക്കെ വേണമോ അതൊക്കെ സംഹിതകളില്‍പോലുമുണ്ട്; പിന്നല്ലേ, ഉപനിഷത്തുകളെക്കുറിച്ച്! ആരാധനയും പ്രേമവുമൊക്കെ അവിടെയുണ്ട്. ഒന്നുമാത്രം – ഭക്തിയുടെ ആദര്‍ശങ്ങള്‍ ക്രമേണ എറെയേറെ ഉയരുകയാണ്. സംഹിതാഭാഗങ്ങളില്‍ ചിലപ്പോള്‍ ഭയവും ദൈന്യവും കലര്‍ന്ന ഒരു മതത്തിന്റെ അവശേഷങ്ങള്‍ കാണാം. ചിലപ്പോഴവിടെ ആരാധകന് വരുണന്റെയോ മറ്റ് ദേവന്മാരുടെയോ മുന്നില്‍ പേടിച്ചുവിറയ്ക്കുന്നത് കാണാം. ചിലപ്പോഴെല്ലാം അവനെ പാപചിന്ത ഭയങ്കരമായി വേദനിപ്പിക്കുന്നത് കാണാം. ഉപനിഷത്തുകളിലാവട്ടെ ഈവക വസ്തുക്കളുടെ ചിത്രീകരണത്തിന് സ്ഥാനം നല്‍കിയിട്ടില്ല. അവയില്‍ ഭയത്തിന്റെ മതത്തിന് സ്ഥാനമില്ല; അത് പ്രേമത്തിന്റെയും ജ്ഞാനത്തിന്റെയും മതമാണ്.
ഈ ഉപനിഷത്തുകളാണ് നമ്മുടെ ശാസ്ത്രങ്ങള്‍. അവ സവിസ്തരം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞതുപോലെ, വേദങ്ങള്‍ക്കും പില്ക്കാലത്ത് വന്ന പുരാണഗ്രന്ഥങ്ങള്‍ക്കും തമ്മില്‍ അഭിപ്രായഭേദമുണ്ടായാല്‍, പുരാണങ്ങളാണ് വഴങ്ങിക്കൊടുക്കേണ്ടത്. എന്നാല്‍ അതോടൊപ്പം നാമിപ്പോള്‍ അനുഷ്ഠാനത്തില്‍ തൊണ്ണൂറു ശതമാനം പൗരാണികരും പത്തുശതമാനം വൈദികരുമാണന്നതത്രേ സത്യം, പത്തുശതമാനം തന്നെയുണ്ടോയെന്ന് സംശയം. നമ്മുടെ ഇടയില്‍ പരസ്പരവിരുദ്ധങ്ങളായ ആചാരങ്ങള്‍ നിലനില്ക്കുന്നതും മതപരമായ ആശയങ്ങള്‍ സമുദായത്തില്‍ പ്രഭാവം ചെലുത്തുന്നതിനും നമുക്കൊക്കെ കാണാം. ഹിന്ദുക്കളുടെ വേദങ്ങളുടെയോ സ്മൃതികളുടെയോ പുരാണങ്ങളുടെയോ സമ്മതമില്ലാതെ വെറും പ്രാദേശികംമാത്രമായ ചില നാട്ടാചാരങ്ങളെപ്പറ്റി നാം പലപ്പോഴും പുസ്തകത്തില്‍ വായിക്കാറുണ്ട്, നേരിട്ട് സാശ്ചര്യം കാണാറുമുണ്ട്. മൂഢനായ ഓരോ ഗ്രാമീണവും കരുതുന്നു, ക്ഷുദ്രമായ ദേശാചാരം അറ്റുപോയാല് പിന്നെ തനിക്ക് ഹിന്ദുവായി തുടരാന്‍ പറ്റുകയില്ലെന്ന്; അയാളുടെ മനസ്സില്‍ വേദാന്തമതയും ക്ഷുദ്രമായ ദേശാചാരങ്ങളും അഴിവില്ലാതെ ഒന്നുചേര്‍ന്നിരിക്കുകയാണ്. മതഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ തന്റെ പ്രവൃത്തികള്‍ വേണ്ടെന്നുവച്ചാല്‍ ഒരുകരാറില്ലെന്നും മറിച്ച് കൂടുതല്‍ മെച്ചമേ ഉള്ളൂവെന്നും അയാള്‍ക്ക് ധരിക്കവയ്യ. രണ്ടാമതായി മറ്റൈ വൈഷമ്യമുണ്ട്. നമ്മുടെ ഈ മതഗ്രന്ഥങ്ങള്‍ വളരെ വിപുലമാണ്. പതജ്ഞലിയുടെ മഹാഭാഷ്യമെന്ന വമ്പിച്ച ഭാഷാശാസ്ത്രഗ്രന്ഥത്തില്‍ വായിക്കാം, സാമവേദത്തിന് ആയിരം ശാഖകളുണ്ടെന്ന്. അവയൊക്കെ എവിടെ ? ആര്‍ക്കും തിട്ടമില്ല. ഇതാണ് മറ്റോരോ വേദത്തിന്റെയും കഥ. ഇവയുടെ ഭൂരിഭാഗവും തിരോഹിതമായിരിക്കുന്നു. കുറച്ചുഭാഗമേ നമുക്ക് കിട്ടിയിട്ടുള്ളു.
ദേശാചാരങ്ങളും ശ്രുതികളും തമ്മിലുള്ള പൊരുത്തക്കേടുകൊണ്ട് ഭാരതത്തിലെവിടെയെങ്കിലും വിവാദമുയരുമ്പോള്‍, മുമ്പോട്ടുവയ്ക്കുന്ന വാദമാണിത് – വേദവിരോധമൊന്നുമില്ല; തിരോഭവിച്ച ശ്രുതികളിലുണ്ടായിരുന്നതാണ് വിവാദാസ്പദമായ ദേശാചാരം. അതിനാല്‍ അതിന് സമ്മതി കിട്ടിയിട്ടുണ്ട്. ഇങ്ങനെ നമ്മുടെ മതഗ്രന്ഥങ്ങളെ പലമട്ടില്‍ പഠിച്ചും വ്യാഖ്യാനിച്ചും വന്നിട്ടുള്ളതുകൊണ്ട് അവയിലൂടെയെല്ലാം തുടര്‍ന്നോടുന്ന ഒരു ചരട് കണ്ടെത്തുക വളരെ വിഷമം. വിവിധങ്ങളായ ഈ ഭേദവിഭേദങ്ങള്‍ക്ക് ഒരുപോലെ പൊതുവായ ഒരടിത്തറ ഉണ്ടായിരിക്കേണ്ടതാണെന്ന് ദൃഡമായി നാം വിശ്വസിക്കുകയും ചെയ്യുന്നു. പരസ്പരപൊരുത്തത്തെ, പൊതുസങ്കല്പത്തെ, ആശ്രയിച്ചായിരിക്കണം ഈ ചെറുതരം എടുപ്പുകളെല്ലാം തീര്ക്കപ്പെട്ടിട്ടുള്ളത്. പ്രഥമദൃഷ്ടിയില്‍ ഒടുങ്ങാത്ത വിഭ്രാന്തികളുടെ ഒരു കൂമ്പരമെന്ന് തോന്നാവുന്ന നമ്മുടെ മതത്തിന് സമാനമായ ഒരടിത്തറുണ്ടായിരിക്കണം. അല്ലെങ്കില്‍ നെടിയ കാലമത്രയും അത് നിലനില്ക്കില്ലായിരുന്നു, ഉറച്ചുനില്ക്കില്ലായിരുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: