കണ്ണൂര്‍: രാജ്യത്തെ വിദ്യാഭ്യാസ രംഗത്തുള്ള വാണിജ്യ വത്കരണത്തിനെതിരെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി എന്‍.രവികുമാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മേഖലയിലുള്ളതിനേക്കാളും എത്രയോ മടങ്ങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയില്‍ അനുവദിച്ചതിന്റെ ഫലമായി വിദ്യാഭ്യാസ മാഫിയകള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖല കയ്യടക്കിയിരിക്കുകയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ജനസംഖ്യയോ വിസ്തൃതിയോ ഭൗതിക സാഹചര്യങ്ങളോ നോക്കാതെ അസന്തുലിതമായ രീതിയില്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും പുതിയ സ്ഥാപനങ്ങള്‍ക്ക് ദിനം പ്രതി അനുമതി നല്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫീസ് ഘടനയിലും സംസ്ഥാനങ്ങള്‍ തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുകയാണ്. ഇത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്ര കുടുംബങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം അടക്കം നിഷേധിക്കപ്പെടാന്‍ ഇടയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിലുള്ള 3490 എഞ്ചിനീയറിങ്ങ് കോളേജുകളില്‍ 184 എണ്ണം ഒഴികെ മേറ്റ്ല്ലാം സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ബിഡിഎസ് കോളേജുകള്‍ 197 ല്‍ 31 എണ്ണം മാത്രമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത്. 2849 എംബിഎ കോളേജുകളില്‍ 2500 ഉം സ്വകാര്യ മേഖലയിലാണ്. കേരളത്തില്‍ എംബിബിഎസിന് 25,000 രൂപ വാങ്ങുമ്പോള്‍ ഗുജറാത്തില്‍ ആറായിരവും ചില സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ വരെയും ഫീസ് ഈടാക്കുകയാണ്.
സ്ഥാപനങ്ങളുടെ കാര്യത്തിലാണെങ്കില്‍ 3 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 21 മെഡിക്കല്‍ കോളേജുകളുള്ളപ്പോള്‍ 9 കോടി ജനസംഖ്യയുള്ള ബീഹാറില്‍ 9 മെഡിക്കല്‍ കോളേജുകളും പശ്ചിമ ബംഗാളില്‍ പത്തെണ്ണവുമാണ് ഉള്ളത്. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ തമ്മില്‍ ഫീസ് ഘടനയിലും എണ്ണത്തിലുമുളള അന്തരം പാവപ്പെട്ടവരെ ഈ മേഖലയില്‍ നിന്നും അകറ്റുകയാണ്. ഉത്തരേന്ത്യയില്‍ സ്ഥാപനങ്ങളുടെ എണ്ണക്കുറവ് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും ഇവിടങ്ങളില്‍ വന്‍ വിദ്യാഭ്യാസ കച്ചവടത്തിന് വഴിവെക്കുകയുമാണ് ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണ്. ഇതിന് കാരണം 50: 50 സീറ്റുകള്‍ മാനേജ്മെന്റിനും സര്‍ക്കാരിനുമായി നീക്കി വെച്ചതാണ്. ഒട്ടുമിക്ക സംസ്ഥാനത്തും മെഡിക്കല്‍-എഞ്ചിനീയറിങ്ങ് പ്രവേശനത്തിന് മൂന്നു ഘട്ടങ്ങളായുളള എന്‍ട്രന്‍സുകള്‍ നടത്തുകയാണ്. ഇത് നിര്‍ത്തലാക്കി ഏകജാലക സംവിധാനത്തിലൂടെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നടത്തണം. ഒട്ടേറെ സ്ഥാപനങ്ങള്‍ അപേക്ഷാ ഫോറങ്ങള്‍ വില്‍പ്പന നടത്തിപ്പോലും പണം സമ്പാദിക്കുന്നുണ്ട്. കൂടുതല്‍ തലവരി ഫീസ് നല്‍കുന്നവര്‍ക്ക് ഉയര്‍ന്ന റാങ്ക് എന്നതാണ് ചില സംസ്ഥാനങ്ങളിലെ അവസ്ഥ. ഹിമാചല്‍ പ്രദേശില്‍ 14 സ്വകാര്യ യൂണിവേഴ്സിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ചില യൂണിവേഴ്സിറ്റികള്‍ക്ക് കീഴില്‍ 300 കോളേജുകള്‍ വരെ ആരംഭിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശില്‍ വിദ്യാഭ്യാസ മാഫിയയാണ് മന്ത്രിയെപ്പോലും തെരഞ്ഞെടുക്കുന്നത്.
കേരളത്തില്‍ മന്ത്രിയടക്കം മകള്‍ക്ക് ഫീസിനു വേണ്ടി കോഴ നല്‍കുകയാണ്. വര്‍ഷം തോറും രാജ്യത്ത് ലക്ഷം കോടി രൂപയാണ് ഈ മാഫിയ കൈപ്പറ്റുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ എത്രയും പെട്ടെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രീകൃത നിയമം കൊണ്ടുവരണം. സീറ്റുകളുടെ കാര്യത്തിലും ഫീസ് ഘടനയിലും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണം. രാജ്യം മുഴുവന്‍ സര്‍വേ നടത്തി കൂടുതല്‍ സര്‍ക്കാര്‍കോളേജുകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കണം. കിന്റര്ഗാര്ഡന് മുതല്‍ പിജി തലം വരെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നിയമം കൊണ്ടുവരണം. ഇത്തരത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ രംഗത്തെ അസന്തുലിതാവസ്ഥക്കെതിരെ ദേശീയ തലത്തില്‍ എബിവിപി പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.അനീഷ് കുമാര്‍, ദേശീയ എക്സിക്യൂട്ടീവ് മെമ്പര്‍ ഡോ.ബി.ആര്.അരുണ്‍ എന്നിവരും പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: