പലതരത്തിലുള്ള ഉപാസനകള്കൊണ്ടും സാധനകള്‍ കൊണ്ടും അഭ്യാസ രീതികള്‍ കൊണ്ടും സമാധി പ്രാപ്യമാണ്. എങ്കിലും ജീവന് പൂര്‍ണത കൈവരിക്കാത്തിടത്തോളം കാലം സമാധി അപൂര്‍ണമായി തന്നെ ഇരിക്കും. പ്രാണാഭ്യാസം നടേത്തുന്ന യോഗികള്‍ സദാസമയവും പ്രാണനെ നിരീക്ഷിച്ച് പ്രാണനെ ആശ്രയിച്ച് പ്രാണനില്‍ മനസ്സ് ലയിച്ച് സമഷ്ടിയില്‍ വിലയം പ്രാപിക്കുന്നു. അത് സമാധിയാണ്.
സമാധിയില്‍ വിലയം പ്രാപിച്ചതുകൊണ്ട് ഒരാളുടെ കര്‍മവാസനകള്‍ വേരറ്റുപോയെന്ന് കരുതേണ്ട. ഇന്ദ്രിയ നിരോധനം ചെയ്ത് അവ്യക്തത്തില്‍ വിലയം പ്രാപിച്ച ജീവന്മാര് തങ്ങളുടെ കര്മവാസനകള്ക്ക് അനുസരിച്ച് പ്രപഞ്ചത്തില്‍ വീണ്ടും ജനിക്കുന്നു. അപ്പോള്‍ ഈ ലോകത്ത് ബാക്കിവച്ച കര്‍മ്മങ്ങള്‍ അവരെ തേടിയെത്തുന്നു. വീണ്ടും കര്മശാപത്തിന് അവരും അടിമപ്പെടുന്നു. അങ്ങനെ വന്നും പോയും കര്മ്മലോകത്ത് ചുറ്റിക്കറങ്ങാന്‍ സമാധി പ്രാപിച്ച ജീവന്മാരും നിര്‍ബന്ധിതരാവുന്നു. സമാധി പ്രാപിച്ചാല്‍ ജന്മം പൂര്‍ണമായി എന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ പരക്കെ നിലനില്‍ക്കുന്നുണ്ട്. അത് ശരിയല്ല.
സമാധി എന്നാല്‍ ഒരു കാത്തിരിപ്പാണ്. ഈശ്വരന്റെ വരവിനെ പ്രതീക്ഷിക്കുന്ന യോഗികള്‍ അവരുടെ ചിന്തകളും വാക്കുകളും, വാസനകളും ചലനങ്ങളും എല്ലാം സമാഹരിച്ച് ഏകധാരയില്‍ നിര്‍ത്തി അവനെ കാത്തിരിക്കുന്നു. എന്ന് ഈശ്വരന്റെ കാരുണ്യം സമാധിഷ്ഠനായ യോഗിയില്‍ ഇറങ്ങിവന്ന് പുഷ്പീകരണം നടത്തുന്നുവോ അന്ന് മാത്രമേ അവന്റെ ജീവന് പൂര്‍ണത കൈവരിക്കൂ. ജീവന് പൂര്‍ണത കൈവരിച്ചാലും അവന് ഈ ഭൂമിയില്‍ വന്നതിന്റെ ദൗത്യങ്ങള്‍ നിറവേറ്റാതെ ജന്മത്തിന്റെ പൂര്‍ണത സാക്ഷാത്കരിക്കപ്പെടുന്നില്ല. സത്യസാക്ഷാത്കാരം നേടിയ ജീവന്മാര് ലോകജീവിതത്തിലേക്ക് തിരിച്ചുവന്ന് ഈ ലോകത്ത് താന്‍ നിര്‍വഹിക്കേണ്ട ദൗത്യങ്ങള്‍ നിറവേറ്റുക തന്നെ വേണം. ഈ രഹസ്യം ഗ്രന്ഥങ്ങള്‍ വാചിച്ചു നോക്കിയാല്‍ കാണില്ല. അത് ഗോപ്യമായി വച്ചിരിക്കുക്കയാണ് ആചാര്യന്മാര്.
സമാധി പ്രാപിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഗ്രന്ഥങ്ങളില്‍ പ്രഖ്യാപിച്ച് കാണുന്നത്. തഥാനും ആ സമാധിക്ക് വേണ്ടി അങ്ങേയറ്റം പണിപ്പെട്ടവനാണ്. അതിലൂടെ കടന്നുപോയ അനുഭവങ്ങള്‍ വച്ചാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. എന്തിന് സമാധി എന്ന ചോദ്യത്തിന് കാലം തഥാതന് മറുപടി നല്കി. ഒരു പൂമൊട്ട് വിടരാന്‍ സൂര്യപ്രഭയെ പ്രതീക്ഷിച്ചിരിക്കുന്നു. ഉദയസൂര്യന്റെ കിരണങ്ങള്‍ പതിയവെ അത് വിടര്‍ന്ന് പുഷ്പിക്കുന്നു. അതേ പ്രകാരം തന്നെ ഈശ്വരന്റെ വരവിന് വേണ്ടി ദാഹിച്ചിരിക്കുന്ന ജീവന്മാര് എല്ലാ ചലനങ്ങളേയും ഒതുക്കി സമാധിഷ്ഠനായി ഇരിക്കുകയാണ്. ഒരു പൂമൊട്ടിനെ പോലെ അവന് ഈശ്വരന്റെ പ്രഭാകിരണങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: