കൊച്ചി: മാധ്യമലോകം സമൂഹത്തെ മനസ്സിലാക്കുന്നില്ലെന്ന് പ്രമുഖ കോളമിസ്റ്റും ചിന്തകനുമായ എസ്. ഗുരുമൂര്‍ത്തി. ഇന്ത്യയിലെ ഒരു മാധ്യമവും യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്നില്ല. സമൂഹത്തിന്റെ ഉള്ളിലേക്കിറങ്ങാത്ത മാധ്യമലോകമാണിവിടെയുള്ളത്. കോളോണിയന്‍ മീഡിയയുടെ പിന്തുടര്ച്ചയാണിത്. ഏറ്റവും മോശമായ വാര്‍ത്തയാണ് മുഖ്യവാര്ത്തയാകുന്നത്. തെറ്റായകാര്യങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന മാ ധ്യമശൈലിയാണ് ഇവിടെ നിലനില്‍ക്കുന്നത്. വിവേകാനന്ദ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചിയില്‍ നടക്കുന്ന വിവേകാനന്ദ ഭാരതം 150 പരിപാടിയില്‍ മാധ്യമരംഗത്തെ കര്മ്മപൂര്ണത എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സ്വതന്ത്രമാധ്യമം എന്ന ഒന്നില്ല. വാര്‍ത്തക്ക് പണം എന്ന നിലയിലേക്ക് നിലവാരം താഴ്ന്നു. നേരത്തെ ഒരു മാധ്യമത്തിന്റെ വരുമാനത്തിന്റെ മുക്കാല്‍ പങ്കും വായനക്കാരില്‍ നിന്നുമായിരുന്നു. ഇന്ന് അത് മാറി. പരസ്യങ്ങള്‍ മുഖ്യവരുമാനമായി മാറിയിരിക്കുകയാണ്. മാധ്യമമേഖലയുടെ അപചയം തങ്ങളെ ബാധിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.
അമേരിക്ക സാമ്പത്തികമായി തകര്‍ന്നതിന് മുഖ്യകാരണം സാംസ്കാരിക തകര്‍ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ലക്ഷ്യമെന്തന്നറിയാത്ത സമൂഹം വലിയ കടക്കെണിയില്‍ അകപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ കടം നല്‍കുകയും, നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്ന രാജ്യം എന്ന നിലയില്‍ നിന്ന് ഏറ്റവും അധികം കടംവാങ്ങുന്ന രാജ്യം എന്ന നിലയിലേക്ക് അമേരിക്ക കൂപ്പുകുത്തി. അമേരിക്കയിലെ 55 ശതമാനം വിവാഹങ്ങളും പത്തുവര്‍ഷത്തിനുള്ളില്‍ത്തന്നെ തകരുകയാണ്. സാംസ്കാരികാടിത്തറ തകര്‍ന്നതാണ് ഇതിന് കാരണമെന്ന് ഗുരുമൂര്‍ത്തി ചൂണ്ടിക്കാട്ടി.
മാധ്യമരംഗത്തെ മൂല്യച്യുതിക്കെതിരെ യുവതലമുറ പോരാടണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള പ്രസ് അക്കാദമി ചെയര്മാന് എന്‍.പി. രാജേന്ദ്രന് പറഞ്ഞു. എങ്ങനെ എഴുതുന്നു എന്നതിനേക്കാള്‍ എന്തെഴുതുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് ജന്മഭൂമി ചീഫ് എഡിറ്റര്‍ ഹരി എസ്. കര്‍ത്താ പറഞ്ഞു. സമൂഹത്തിന് വന്ന ജീര്‍ണ്ണത മാത്രമാണ് മാധ്യമപ്രവര്‍ത്തകരിലും വന്നിട്ടുള്ളത്. അത് പര്‍വ്വതീകരിച്ച് കാണിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ജേര്‍ണലിസ്റ്റുകള്‍ ഇത്തരം ആരോപണങ്ങളെ അതിജീവിക്കാന്‍ കരുത്ത് നേടണം, അതിന് സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്ന ഏക ഉല്‍പ്പന്നം പത്രമാണെന്നും പിടിച്ചുനില്ക്കാന് ശ്രമിക്കുമ്പോള്‍ പലതിനോടും സന്ധി ചെയ്യേണ്ടിവരുന്നതില്‍ മാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ പ്രത്യേക അവകാശമുള്ള സമൂഹമായി മാറാന്‍ നടത്തുന്ന ശ്രമം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ടി.ജി.മോഹന്‍ദാസ് വിഷയാവതരണം നടത്തി. സജീവ് സി.വാര്യര്‍, എം.പി.ബഷീര്‍, പ്രമോദ്രാമന്‍, രവി കുറ്റിക്കാട് സംസാരിച്ചു. ആര്.ആര്.ജയറാം സ്വാഗതവും ടി. സതീശന് നന്ദിയും പറഞ്ഞു. അമൃത സ്കൂള്‍ ഓഫ് ആര്‍ട്ട്സ് സയന്‍സസിലെ ജാസ്മിന് എ. ഫേണ്‍ (കാനഡ), എസ്.പ്രിയദര്‍ശിനി (ഗൂഡല്ലൂര്‍), ആതിര ജയപാലന് (തിരുനെല്‍വേലി), അമൃതം ബാബു (പത്തനംതിട്ട) എന്നീ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വേദമന്ത്രാലാപനത്തോടെയാണ് സെമിനാര്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: