ഭാരതീയ ഋഷിമാര്‍ ഈ ഊരാക്കുടുക്ക് വേണ്ടും വണ്ണം ചിന്തിച്ചു ചര്‍ച്ച ചെയ്ത് ഉത്തരം കണ്ടെത്തിയിട്ടുണ്ട്. അതിന് അവരെ സഹായിച്ചത് ഈശ്വരനും ഈശ്വരീയജ്ഞാനമായ വേദങ്ങളുമാണ്. ജഗത്തിന്റെ ആവിര്‍ഭാവം എവിടെ നിന്ന്, ജീവജാലങ്ങളുടെ ജനനമരണ രഹസ്യമെന്ത് തുടങ്ങിയ ദാര്‍ശനിക പ്രശ്നങ്ങള്‍ക്ക് അവര്‍ നല്കിയ ഉത്തരം എല്ലാ കാലത്തിനും ചേരുന്നതാണ്. അതിന് ആധുനികശാസ്ത്രമോ മറ്റു മതങ്ങളോ നേരിടുന്ന സൈദ്ധാന്തിക ച്യുതികളൊന്നുമില്ല. സമ്പൂര്‍ണമായും ശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്നതാണ് അവരുടെ കണ്ടെത്തലുകള്‍. കാരണം ആ ഉത്തരങ്ങള്‍ തികച്ചും ഈശ്വരീയ ജ്ഞാനമായ ധര്‍മത്തിന്റെ ആധാരമായ വേദങ്ങള്ക്കനുസൃതമാണ്. ജീവന് അഥവാ ജീവാത്മാക്കള്‍ ഈശ്വരനെ പോലെ സ്വതന്ത്ര ചേതന സത്തകളാണ്. ഈ ജഗത്തിന്റെ നിര്‍മാണം സത്വം രജസ്സ് തമസ്സ് എന്നീ മൂലപ്രകൃതി തത്ത്വങ്ങളില്‍ നിന്നുമാണ്. മാത്രമല്ല ഇതിന്റെ നിയാമകന്‍, നിയന്താവ് ഈശ്വരനാണെന്നും വേദം പറയുന്നു. ഈ മൂന്നു സത്തകളും അനാദിയാണെന്നും വേദം കൂട്ടിച്ചേര്‍ക്കുന്നു. പ്രകൃതിയെ ഉപയോഗിച്ചു സൃഷ്ടി നടത്തുന്ന ഈശ്വരന് തന്റെ ശാശ്വതരായ സഖാക്കള്‍ക്ക്, ജീവാത്മാക്കള്‍ക്ക് യഥാതഥമായ കര്‍മഫലവും നല്കുന്നു. ജീവാത്മാക്കളാകട്ടെ ഈശ്വരന് നിര്‍മിച്ചു നല്കിയ പ്രകൃതിയെ ഉപയോഗിച്ചു ജീവിക്കുന്നു. അതില്‍ മനുഷ്യരാകട്ടെ ചതുര്വിധപുരുഷാര്ഥങ്ങളനുഷ്ഠിച്ച് മോക്ഷം നേടുന്നു. പുണ്യമാര്‍ജിക്കാന്‍ കഴിയാതെ സ്വാര്‍ഥരായി താത്കാലിക ലാഭത്തിനു വേണ്ടി പാപകര്‍മങ്ങള്‍ ചെയ്യുന്നവരാകട്ടെ വീണ്ടും ജനിമൃതികള്ക്കടിപ്പെട്ട് സംസാരചക്രത്തില്‍ ഉഴലുന്നു. സുഖവും ദുഃഖവും തേടുന്നു.
ജനിക്കുന്നവരെല്ലാം ഒരിക്കല്‍ മരിക്കും. ജനിച്ചവര്‍ എവിടെ നിന്നും വന്നു? മരണത്തെ തുടര്‍ന്ന് എന്താണ് സംഭവിക്കുന്നത്? ജനനമരണങ്ങളുടെ രഹസ്യം മാനവബുദ്ധിക്ക് ദഹിക്കാത്തതാണോ? അതോ ഒരിക്കലും അറിയാന്‍ കഴിയാത്തതാണോ? ഇങ്ങനെ അനേകം ചോദ്യങ്ങള്‍ക്കുത്തരം വേദങ്ങളിലുണ്ട്. ലോകമുണ്ടായ കാലം മുതല്‍ ജീവജാലങ്ങളില്‍ ജനിമൃതികള്‍ ഈശ്വരന് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ശരീരം ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമാണ്. എന്നാല്‍ ആ ശരീരത്തില്‍ കുടി കൊള്ളുന്ന ജീവന് അതില്‍ നിന്നും വ്യത്യസ്തമാണ്. അനാദിയാണ്. അതിന് നാശവുമില്ല.
എപ്പോഴാണോ ആ ജീവന് യഥായുക്തമായ ശരീരം ലഭിക്കുന്നത് അത് ജനനവും എപ്പോഴാണോ ആ ശരീരത്തില്‍ നിന്നും ജീവന് വേര്‍പെടുന്നത് അത് മരണവും ആണെന്ന് വേദങ്ങള്‍ പറയുന്നു. നാശം സത്യത്തില്‍ ശരീരത്തിനു മാത്രമാണ്. ഇവിടെ നാശമെന്നതു കൊണ്ട് അര്‍ഥമാക്കുന്നത് അത് അതിന്റെ മൂലരൂപത്തിലേക്കു മടങ്ങുന്നു എന്നു മാത്രമാണ്. അഴുക്കായ കുപ്പായം മനുഷ്യര്‍ ഊരി മാറ്റി പുതുതൊന്ന് ധരിക്കുന്നതു പോലെ മാത്രമാണ് ജനനമരണങ്ങള്‍. ജീവാത്മാവിന് രണ്ടു ഗതികളാണുള്ളത്. ഒന്ന് ഊര്‍ധ്വമാര്‍ഗം. പടിപടിയായി ഉയര്‍ന്ന് പുണ്യകര്‍മങ്ങളനുഷ്ഠിച്ച് മോക്ഷസുഖം നേടാം. മോക്ഷാനുഭവം എത്രനാള്‍ നീണ്ടു നില്‍ക്കുമെന്നും വേദം വ്യക്തമാക്കുന്നുണ്ട്. അല്ലെങ്കില്‍ നിരന്തരം പാപകര്‍മങ്ങള്‍ ചെയ്ത് വീണ്ടും വീണ്ടും ജനിച്ചു മരിച്ച് അത്യന്തം ദുഃഖപൂര്‍ണമായ സംസാരചക്രത്തില്‍ ചുറ്റിത്തിരിയാം. ഏതു വേണമെന്നു നിശ്ചയിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്രവും ജീവാത്മാവിനുണ്ട്. രണ്ടായാലും ഫലം നല്‍കുന്നത് ദാതാവായ ഈശ്വരനാണ്. കാരണം ഫലം ജീവന് തിരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ ആരെങ്കിലും ചെയ്ത തെറ്റിനുള്ള ശിക്ഷ സ്വയം അനുഭവിക്കാന്‍ തയ്യാറാകുമോ?
ഇത് സൃഷ്ടിയുടെ കാര്യം. സൃഷ്ടിയുടെ ദൈര്‍ഘ്യം 432 കോടി വര്‍ഷമാണെന്ന് വേദം പറയുന്നു. അതു പോലെ സൃഷ്ടി നശിച്ചാല്‍ മൂലരൂപത്തിലേക്കു പ്രകൃതി മടങ്ങിയാല്‍ പിന്നെയുള്ളതിനെ പ്രളയം എന്നു പറയുന്നു. പ്രകര്‍ഷേണ ലയതി ഉണര്‍വോടു കൂടി ലയിക്കുന്നതിനെയാണ് പ്രളയമെന്നു പറയുന്നത്. വീണ്ടും അവിടെ സൃഷ്ടി നടത്താന്‍ 432 കോടി വര്‍ഷങ്ങളെടുക്കും. ഇത് വൈദികജ്യോതിശ്ശാസ്ത്രത്തില് ഋഷിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ സൃഷ്ടിപ്രളയങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇതിന് ഒരിക്കലും അവസാനമില്ല.
സൃഷ്ടിപ്രളയങ്ങളെ കുറിച്ചും ആത്മാക്കളുടെ ജനിമൃതികളെ കുറിച്ചും സമ്പൂര്‍ണമായ ജ്ഞാനം മനുഷ്യര്‍ക്കു ലഭിക്കുന്നത് വേദത്തില്‍ നിന്നാണെന്നു പറഞ്ഞുവല്ലോ. ആ വാക്കിന്റെ അര്‍ഥം തന്നെ അറിവ് എന്നാകുന്നു. സമസ്ത പ്രപഞ്ചത്തെ കുറിച്ചുമുള്ള അറിവ്. ഈ അറിവ് നമുക്കു ലഭിക്കുന്നത് കേവലം വേദങ്ങളില്‍ നിന്നു മാത്രമാണോ ? അതേ എന്ന് ഭാരതീയ ഋഷിമാര്‍ ഉത്തരം നല്കുന്നു. വേദത്തെ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണ് ഇന്നു നാം കാണുന്ന വൈദികവും അവൈദികവുമായ സകല കൃതികളും മതഗ്രന്ഥങ്ങളും. ഈശ്വര സത്തയെ നന്നായി മനസിലാക്കി ഉള്‍ക്കൊണ്ട ഋഷിമാര്‍ വേദത്തെ ആശ്രയിച്ച് ഗ്രന്ഥ രചന നടത്തിയപ്പോള്‍ അവ വൈദിക സാഹിത്യത്തില്‍ പെടുന്നതായി. ഉദാഹരണത്തിന് ഭഗവദ്ഗീത. ഗീത കാലാതിവര്‍ത്തിയാണ്. അതിന് ഇതു വരെ എത്ര ഭാഷ്യങ്ങളുണ്ടായെന്നോ ഇനി എത്ര ഭാഷ്യങ്ങളുണ്ടാകുമെന്നോ ആര്‍ക്കും പറയാന്‍ കഴിയില്ല. എന്നാല്‍ വേദം പൂര്‍ണമായും പഠിക്കാതെ ഉള്‍ക്കൊള്ളാതെ ഗ്രന്ഥരചന ആരംഭിച്ചപ്പോള്‍ മുതല്ക്കാണ് വ്യത്യസ്ത വീക്ഷണങ്ങളുള്ള മതസമ്പ്രദായങ്ങള്‍ ലോകത്ത് ഉണ്ടായത്. എന്നാല്‍ ഇവയില്‍ ചില സാമ്യങ്ങള്‍ കാണുന്നതാകട്ടെ വേദത്തെ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയതുമാണ്.
മനുഷ്യന്റെ ഗ്രന്ഥപ്പുരയിലെ ഏറ്റവും പഴക്കം ചെന്ന സാഹിത്യകൃതി ഏതെന്നു ചോദിച്ചാല്‍ സംശയലേശമെന്യേ ലഭിക്കുന്ന ഉത്തരം ഋഗ്വേദമെന്നാണ്. ഇത് ആധുനിക കാഴ്ചപ്പാടാണെങ്കിലും വേദങ്ങളുടെ പ്രാചീനതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഋക്, യജുഃ, സാമ, അഥര്വങ്ങളെന്ന ചതുര്‍വേദങ്ങളെ ആശ്രയിച്ചാല്‍ മനുഷ്യര്‍ക്ക് സര്‍വ വിധ ഉന്നതിയും കൈവരുമെന്ന ആര്ഷവാണിക്കു മുന്നില്‍ ശിരസു നമിച്ച് ഈ ലേഖനം ഉപസംഹരിക്കട്ടെ.
– പി.ജി.പി.ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: