കാലടി (കൊച്ചി) : പൂത്തിരുവാതിരയുടെ പൂനിലാവിന് അനുഗ്രഹപുണ്യം ചൊരിഞ്ഞ് തിരുവൈരാണിക്കുളം ശ്രീ മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ തിരുനട തുറന്നു. ഇനിയുള്ള 11 ദിനങ്ങള്‍ തിരുവൈരാണിക്കുളത്തിന് ഭക്തിയുടെയും ദര്ശനപുണ്യത്തിന്റെയുമാണ്. ശ്രീ പരമേശ്വരന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രം ദര്‍ശനമരുളുന്ന കല്യാണരൂപിണിയായ ശ്രീപാര്‍വ്വതീദേവിയെ തൊഴുതുവണങ്ങി അനുഗ്രഹം നേടാന്‍ ഇനി ഇടതടവില്ലാത്ത ഭക്തജനപ്രവാഹമായിരിക്കും.
ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ രാത്രി എട്ടിനാണ് ശ്രീ പാര്‍വ്വതീദേവിയുടെ ശ്രീകോവില്‍ നട തുറന്നത്. ശ്രീ പാര്‍വ്വതീദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വൈകിട്ട് 4ന് അകവൂര്‍ മനയില്‍ നിന്നും ആരംഭിച്ചു. മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്നതിനുശേഷം തങ്കഗോളക, തങ്കചന്ദ്രക്കല, തങ്കക്കിരീടം, തിരുമുഖം എന്നിവയുള്‍പ്പെടെയുള്ള തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ നാരായണന് നമ്പൂതിരിപ്പാട്, കുഞ്ഞനുജന് നമ്പൂതിരിപ്പാട്, ഊരാണ്മ പ്രതിനിധി എ.ആര്. കൃഷ്ണന് നമ്പൂതിരിപ്പാട്, മഹാദേവക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ആര്. ശരത്ചന്ദ്രന് നായര്‍, സെക്രട്ടറി കെ.ജി. ദിലീപ്കുമാര്, വൈസ് പ്രസിഡന്റ് പി. പി. മോഹനന്, ജോയിന്റ് സെക്രട്ടറി പി.ആര്. ഷാജികുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി. നാരായണന് എന്നിവര്‍ ചേര്‍ന്ന് അലങ്കരിച്ച രഥത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് കെടാവിളക്കില്‍ നിന്നും ദീപം രഥത്തിലെ നിലവിളക്കിലേക്ക് പകര്‍ന്നു.
ധനുമാസസന്ധ്യയില് പൊന്‍പ്രഭ വിതറിയ തിരുവാഭരണഘോഷയാത്രയില്‍ പൂത്താലമേന്തിയ കന്യകമാരും സുമംഗലിമാരും അണി നിരന്നു. താലം, പൂക്കാവടി, നാദസ്വരവുമെല്ലാം ഘോഷയാത്രക്ക് മിഴിവേകി. തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിലെത്തി ദേവിയെ ചാര്‍ത്തിയ ശേഷം ക്ഷേത്രം ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാരും പ്രതിനിധികളും മൂന്ന് മനക്കാരും ചേര്‍ന്ന് ഉത്സവനടത്തിപ്പിനായി സമുദായം തിരുമേനിയായി അവരോധിച്ച ചെറുമുക്ക് വൈദികന് വാസുദേവന്‍ അക്കിത്തിരിപ്പാടും ദേവിയുടെ ഉറ്റ തോഴിയായ പുഷ്പിണിയായി സങ്കല്പിക്കപ്പെടുന്ന, അതിനവകാശപ്പെട്ട എടനാട് അല്ലിമംഗലത്ത് കുടുംബത്തിലെ തങ്കമണി ബ്രാഹ്മണിയമ്മയും നടതുറപ്പ് ചടങ്ങുകള്‍ക്കായി നടയ്ക്കല്‍ വന്നുനിന്നു. വിധിയാം വണ്ണം ഉത്സവം നടത്തുന്നിന് സമുദായത്തെ ഏല്‍പ്പിച്ച് കൊടുക്കുന്നതും മൂന്ന് മനക്കാരുടെ സാന്നിദ്ധ്യം വിളിച്ച് ചോദിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം ദേവിയുടെ ശ്രീകോവില്‍ തുറന്നു. ദേവീമന്ത്രങ്ങളാല്‍ മുഖരിതമായ പുണ്യവേളയില്‍ സര്‍വ്വാഭരണവിഭൂഷിതയായ ദേവിയുടെ ദര്ശനസായൂജ്യത്താല് ആയിരങ്ങള്‍ ധന്യരായി. ഏറെ കഴിയുംമുമ്പ് ദേവിയുടെ നടയില്‍ തിരുവാതിരശീലുകളുയര്ന്നു.രാവിലെ 4.30 മുതല്‍ ഉച്ചക്ക് 1.30 വരെയും വൈകിട്ട് 4 മണി മുതല്‍ 8.30 വരെയുമാണ് ദര്‍ശന സമയം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: