ന്യൂദല്‍ഹി: ടെലികോം അഴിമതിക്കേസില്‍ വിചാരണ കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ച മുന്‍ ടെലികോം മന്ത്രി സുഖ് റാം അബോധാവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ദല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. സുഖ് റാം ഇപ്പോള്‍ ആശുപത്രിയിലാണെന്ന് പ്രത്യേക സിബിഐ ജഡ്ജ് ധര്‍മേശ് ശര്‍മ മുമ്പാകെ അഭിഭാഷകന് ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ദല്‍ഹി ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി,
വിചാരണ കോടതി മുമ്പാകെ കീഴടങ്ങി ശിക്ഷ അനുഭവിക്കാന്‍ തയ്യാറാകണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി സുഖ് റാം കോടതിയില്‍ ഹാജരായില്ല. സുഖ് റാമിന്റെ പരിശോധനാ റിപ്പോര്‍ട്ടും അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു. പ്രത്യേക സിബിഐ കോടതി ജഡ്ജ് സന്‍ജീവ് ജെയിന് ഇന്നലെ അവധിയിലായിരുന്നതിനാലാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
സുഖ് റാമിനൊപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയ രുണു ഘോഷ്, പി.രാമ റാവു എന്നിവര്‍ കഴിഞ്ഞ ദിവസം കോടതി മുമ്പാകെ കീഴടങ്ങിയിരുന്നു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ദല്‍ഹി ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: