ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി (എന്‍.ആര്.എച്ച്.എം) തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി സി.ബി.ഐ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ചെറുകിട വ്യവസായ വികസന വകുപ്പ് എം.ഡി അഭയ് കുമാര്‍ വാജ്പേയ്, കുടുംബക്ഷേമ ഡയറക്ടര്‍ എസ്.പി.റാം, ഒരു സ്വകാര്യ കമ്പനി ഉടമ സൗരവ് ജെയ്ന്‍ എന്നിവരാണ് അറസ്റ്റിലായത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ഉത്തര്‍പ്രദേശ് മന്ത്രി ബാബു സിംഗ് ഖുശ്വയുടെ വീട്ടില്‍ ഉള്‍പ്പെടെ 60 സ്ഥലങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. അഭയ് കുമാറിനെ ഇന്നലെ രാത്രിയിലും മറ്റുള്ളവരെ രാവിലെയുമാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്ക്കെതിരേ അഞ്ചു കേസുകള്‍ നവംബര്‍ രണ്ടിനു സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നു.
യുപിയിലെ 72 ജില്ലകളില്‍ കേന്ദ്ര പദ്ധതി നടപ്പാക്കിയതു വഴി 28 കോടി രൂപ അനാവശ്യമായി ചെലവഴിച്ചെന്നാണ് ആരോപണം. 2005-06 വര്‍ഷത്തില്‍ എന്‍.എച്ച്.ആര്.എം പദ്ധതിയുടെ ഭാഗമായി 10,000 കോടി രൂപയുടെ ഫണ്ടാണു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അനുവദിച്ചത്.
നേരത്തേ കേസില്‍ ഉള്‍പ്പെട്ട യു.പി ജാല് ബോര്‍ഡ് ജനറല്‍ മാനെജര്‍ പി.കെ. ജയിനെ അറസ്റ്റ് ചെയ്തിരുന്നു. 134 ജില്ലാ ആശുപത്രികള്‍ നവീകരിച്ച വകയില്‍ 5.46 കോടി രൂപയുടെ നഷ്ടം പൊതു ഖജനാവിനുണ്ടാക്കിയെന്നാണു ജയിനെതിരെയുള്ള കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: