ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാകാതിരുന്നതിലുള്ള അതൃപ്തി ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ അറിയിച്ചു. ബില്‍ രാജ്യസഭയില്‍ പാസാകാതിരുന്നതിനാല്‍ വീണ്ടും പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
എന്‍.ഡി.എ ചെയര്മാന് എല്‍.കെ അദ്വാനി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രാഷ്ട്രപതിയെ കണ്ടത്. ലോക്പാല്‍ ബില്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് രാഷ്ട്രപതിയെ അറിയിച്ചതായി നേതാക്കള്‍ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബില്‍ രാജ്യസഭയില്‍ പാസാകാത്ത സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും ബില്‍ പാസാക്കുന്നതിനായി വീണ്ടും സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടതായും എല്‍.കെ.അദ്വാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യസഭയില്‍ ബില്‍ വോട്ടിനിടാതിരുന്നതിലൂടെ ജനാധിപത്യത്തെ അവഹേളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്‍ അവതരിപ്പിച്ചപ്പോള്‍ രാജ്യസഭയില്‍ അരങ്ങേറിയ കാര്യങ്ങളില്‍ തങ്ങള്‍ക്കുള്ള അതൃപ്തിയും രാഷ്ട്രപതിയെ അറിയിച്ചതായും അദ്വാനി പറഞ്ഞു.
ലോക്പാല്‍ ബില്‍ പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ നടന്നതു സര്‍ക്കാര്‍ അട്ടിമറിയാണെന്നും പാര്‍ലമെന്ററി സംവിധാനത്തെ അവഹേളിക്കുകയായിരുന്നു സര്‍ക്കാരെന്നു അരുണ്‍ജെയ്റ്റ്ലി പറഞ്ഞു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അഴിമതിയോടു സര്‍ക്കാരിനു മൃദു സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനിലേക്ക് പദയാത്രയായാണ് നേതാക്കള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: