കൊച്ചി: ട്രേഡ് യൂണിയന് നേതാവ്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, എസ്എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി, സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രി എന്നീ രംഗങ്ങളില്‍ പ്രസിദ്ധനായ എം.കെ. രാഘവന് വക്കീലിന്റെ സ്മരണാര്‍ത്ഥം ശ്രീനാരായണസേവാസംഘം ഏര്‍പ്പെടുത്തിയിട്ടുള്ള എം.കെ. രാഘവന് വക്കീല്‍ പുരസ്കാരത്തിന് ചലച്ചിത്ര പിന്നണിഗായകന്‍ കെ.ജെ. യേശുദാസ് അര്‍ഹനായി.
പ്രൊഫ. എം.കെ. സാനു ചെയര്‍മാനും, എം.വി. ബെന്നി, ഡോ. ടി.എന്‍. വിശ്വംഭരന്, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്, പി.പി. രാജന് എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്കാര നിര്‍ണയ സമിതി ഏകകണ്ഠമായാണ് യേശുദാസിനെ തെരഞ്ഞെടുത്തത്.
കാലദേശഭേദങ്ങള്ക്ക് അതീതമായി അരനൂറ്റാണ്ടിലേറെക്കാലം തന്റെ ഗന്ധര്‍വ്വ ശബ്ദംകൊണ്ട് മലയാളിയുടെ സംഗീതഭാവുകത്വത്തെ സമ്പന്നമാക്കിയ ഗായകനാണ് യേശുദാസ്. സ്വന്തം സംഗീതജീവിതം പോലെ തന്നെ മൂല്യവത്താണ് യേശുദാസ് ജീവിതത്തില്‍ പിന്തുടരുന്ന മതേതര മൂല്യങ്ങളും. ജാതിഭേദവും മതഭേദവുമില്ലാതെ ഈശ്വരോന്മുഖമായി ജീവിക്കുന്നതിന് മലയാളിയെ പ്രാപ്തമാക്കിയ ശ്രീനാരായണഗുരു സ്വാമികളുടെ മഹനീയ ആദര്‍ശം ജീവിതത്തില്‍ സാക്ഷാത്കരിച്ച വ്യക്തിയെന്ന നിലയിലും യേശുദാസിന്റെ സാംസ്കാരിക ജീവിതത്തിന് സവിശേഷ പ്രാധാന്യമുണ്ട്, പുരസ്കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
പത്രസമ്മേളനത്തില്‍ പ്രൊഫ. എം.കെ. സാനു, എം.വി. ബെന്നി, ഡോ. ടി.എന്‍. വിശ്വരംഭരന്, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന് (പ്രസിഡന്റ്, ശ്രീനാരായണ സേവാസംഘം), പി.പി. രാജന് (സെക്രട്ടറി, ശ്രീനാരായണ സേവാസംഘം) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: