ചങ്ങനാശേരി: എന്‍എസ്എസ് ആവശ്യപ്പെട്ടതു ചെയ്തു നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്‍എസ്എസിന്റെ ശബ്ദം എപ്പോഴും ശ്രദ്ധിക്കപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിധിവിട്ട് എന്‍എസ്എസിനു സഹായം ചെയ്തിട്ടില്ലെന്നും എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ ന്യായമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിനോടും ജനങ്ങളോടും ഒപ്പം നിന്ന നേതൃത്വമായിരുന്നു മന്നത്ത് പത്മനാഭന്റേത്. സമുദായ സൗഹൃദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലക്ഷ്യങ്ങളില്‍നിന്നും വ്യതിചലിക്കാതെയാണ് മന്നത്ത് പത്മനാഭന് പ്രവര്‍ത്തിച്ചത്. മന്നത്തിന്റെ മാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യതിചലിക്കാതെയാണ് എന്‍എസ്എസ് മുന്നോട്ടുപോവുകയും വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളിലുള്‍പ്പെടെ അഭിപ്രായം വ്യക്തമാക്കുകയും ചെയ്യുന്നത്. എണ്‍പത് ശതമാനം സ്കൂളുകളില്‍ ഇഷ്ടമുള്ള ഫീസ് പിരിക്കാന്‍ സാധിക്കുമ്പോള്‍ 20 ശതമാനം വരുന്ന സ്കൂളുകളില്‍ തുച്ഛമായ തുക മാത്രമാണ് വാങ്ങുന്നത്. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളില്‍ നീതിപൂര്‍വ്വകമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും സിവില്‍സര്‍വീസ് അക്കാദമി തുടങ്ങാനുള്ള തീരുമാനം ഉചിതമായെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജാതിയുടെ പേരില്‍ ജനപ്രതിനിധികളെ വേര്‍തിരിച്ചു കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സമ്മേളനത്തില്‍ സ്വാഗത പ്രസംഗം നടത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. നായരായ ജനപ്രതിനിധികള്‍ നായരാണെന്നു പറയാന്‍ മടികാണിക്കുകയാണ്. നായരാണെന്നു പറഞ്ഞാല്‍ മഞ്ഞക്കണ്ണോടെ കാണുന്ന രീതി അവസാനിപ്പിക്കണം. ജനപ്രതിനിധികള്‍ സാമൂഹ്യനീതിക്കു വേണ്ടിയാണ് എന്‍എസ്എസുമായി സഹകരിക്കുന്നത്. നായരായതുകൊണ്ട് രമേശ് ചെന്നിത്തല ഭയക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അനുസ്മരണ പ്രഭാഷണം നടത്തി. എന്‍എസ്എസ് ട്രഷറര്‍ പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന് സ്മരണാഞ്ജലി അര്‍പ്പിച്ചു. ജയന്തിസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികള്‍ക്ക് എന്‍എസ്എസ് നേതാക്കള്‍ വമ്പിച്ച സ്വീകരണവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: