ന്യൂദല്‍ഹി: അറ്റകുറ്റപ്പണികള്‍ നടത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടു നിലനിര്‍ത്താമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്കാണ് സി.ഡി. തട്ടെ, ഡി.കെ. മേത്ത എന്നിവരടങ്ങുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ പുതിയ അണക്കെട്ടു മാത്രമാണു ശാശ്വത പരിഹാരമെന്നു കേരളം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് അടുത്തിടെയുണ്ടായ ഭുകമ്പങ്ങളുടെ പശ്ചാത്തലത്തില്‍ അണക്കെട്ടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ഉന്നതാധികാര സമിതി അണക്കെട്ടില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കേരളം ഉന്നതാധികാര സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സി.ഡി. തട്ടേയും ഡി.കെ.മേത്തയും പരിശോധന നടത്തിയത്.
കേരളത്തിന് വളരെ പ്രതികൂലമായി ബാധിക്കാവുന്ന റിപ്പോര്‍ട്ടാണ് വിദഗ്ദ്ധ സമിതി അംഗങ്ങള്‍ നല്‍കിയിരിക്കുന്നത്. കേരളത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഇല്ല. സംരക്ഷണ കവചമായി കേരളം പുതിയ അണക്കെട്ടു നിര്‍മിക്കുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഉന്നതാധികാര സമതിയെ അറിയിച്ചു. ഇതിന് അനുമതിയുടെ ആവശ്യമില്ലെന്ന വാദവും ഉന്നയിച്ചു.
സുപ്രീംകോടതിയിലെ കേസ് തീര്‍പ്പായാല്‍ ഉടന്‍തന്നെ പുതിയ അണക്കെട്ടിന്റെ പദ്ധതിയുമായി മുന്നോട്ടു പോകും. പുതിയ അണക്കെട്ടു മുന്‍കരുതല്‍ മാത്രമാണെന്നു സംസ്ഥാനം വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ ബലം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന വിദഗ്ധസമിതിയുടെ നിര്‍ദേശത്തെയും കേരളം എതിര്‍ത്തു.
ശാശ്വത പരിഹാരമാര്‍ഗം പുതിയ അണക്കെട്ടു മാത്രമാണ്. പഴയ അണക്കെട്ടു നിലനിര്‍ത്താമെന്നു പറയുമ്പോള്‍ തന്നെ വേണ്ട ഉറപ്പു നല്കാന് തമിഴ്നാട് ഉള്‍പ്പെടെ ആര്‍ക്കും സാധിക്കുന്നില്ല. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടു മാറുന്നുവെന്നും കേരളം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: