തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സാങ്കേതിക വിദഗ്ധ സംഘത്തിനെതിരെ കേരളം ഇന്ന് സുപ്രീംകോടതി ഉന്നതാധികാര സമിതിക്ക് പരാതി നല്‍കും. സാങ്കേതിക വിദഗ്ധരായ സി.ഡി. തട്ടേയുടെയും ഡി.കെ.മേത്തയുടെയും സന്ദര്‍ശനം കേരളത്തെ സംബന്ധിച്ചിടത്തോളം തൃപ്തികരമായിരുന്നില്ലെന്നും ഇവര്‍ അപമര്യാദയായി പെരുമാറിയെന്നും കേരളം ഉന്നതാധികാര സമിതിയെ അറിയിക്കും. കേരളത്തിന്റെ ഭാഗം കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അവര്‍ പക്ഷപാതപരമായാണ് പെരുമാറിയത്.
സാങ്കേതിക വിദഗ്ധര്‍ക്കെതിരെ പരാതി നല്കാന് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. കേരളത്തിന് വേണ്ടി രാജീവ് ധവാനായിരിക്കും ഉന്നതാധികാര സമിതിക്ക് മുമ്പാകെ ഹാജരാകുക. മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിനിടെ കേരളത്തിന്റെ ഭാഗം കേള്‍ക്കാന്‍ സി.ഡി.തട്ടേയും ഡി.കെ.മേത്തയും തയാറായിരുന്നില്ല.
പ്രശ്നത്തിനു സമവായത്തിലൂടെ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡാം സന്ദര്‍ശിക്കുന്നതിന് മുമ്പ് പറഞ്ഞ ഡി.കെ. മേത്തയും സി.ഡി. തട്ടെയും അടുത്ത ദിവസം നിലപാട് മാറ്റുകയായിരുന്നു. കേരളത്തിന്റെ പ്രതിനിധി സംഘത്തില്‍പ്പെട്ട ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി. ലതികയെ ഇവര്‍ അപമാനിച്ചു. കേരളത്തിന്റെ ഭാഗം വിശദീകരിക്കാന്‍ തുനിഞ്ഞ ചീഫ് എഞ്ചിനീയറോട് മാറിനാല്ക്കാന് തട്ടേ ആവശ്യപ്പെട്ടു.
കേരളപ്രതിനിധികളുടെ എതിര്‍പ്പിനെ അവഗണിച്ച് ബേബി ഡാം ബലപ്പെടുത്തണമെന്ന് തട്ടേ ഏകപക്ഷീയമായി ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു കേരള പ്രതിനിധികള്‍ പരിശോധന ബഹിഷ്കരിക്കുകയായിരുന്നു. പ്രധാന അണക്കെട്ട്, സ്പില്‍വേ, ബേബി ഡാം എന്നിവിടങ്ങളില്‍ നടത്തേണ്ട പണികള്‍ കേരളത്തിന്റെ പ്രതിനിധികളെ മാറ്റിനിര്‍ത്തിയ ശേഷം തട്ടേ തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്ക് വിവരിച്ചുകൊടുത്തത് സംശയാസ്പദമാകുകയും കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു.
ബേബി ഡാം ബലപ്പെടുത്തണമെന്ന നിര്‍ദേശം തട്ടേ മുന്നോട്ടുവച്ചപ്പോള്‍ ഇത് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന മറ്റൊരു കേസാണെന്ന് ലതിക ചൂണ്ടിക്കാട്ടിയെങ്കിലും തമിഴ്നാടിന് അനുകൂലമായ ഏകപക്ഷീയ നിലപാടാണ് തട്ടേ സ്വീകരിച്ചത്. അപ്പോള്‍ത്തന്നെ ലതികയും മറ്റ് കേരള ഉദ്യോഗസ്ഥരും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതില്‍ ക്ഷുഭിതനായ തട്ടേ, ലതികക്കു നേരേ തട്ടിക്കയറിയശേഷം താന്‍ ഉത്തരവിടുകയാണ് എന്നു പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബര്‍ 24നാണ് സംഘം സ്പില്‍വേയുടെ പരിശോധനക്കെത്തിയത്. തേക്കടിയില്‍ നിന്ന് ബോട്ടില്‍ മുല്ലപ്പെരിയാറിലെത്തിയ വിദഗ്ധസമിതി അംഗങ്ങള്‍ തമിഴ്നാട് പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നതെല്ലാം അംഗീകരിച്ച് നീങ്ങുകയും ചെയ്തിരുന്നു. കേരളത്തിന്റെ പ്രതിനിധികള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കേണ്ട സ്ഥിതിയായിരുന്നു. സന്ദര്‍ശനവേളയില്‍ വിദഗ്ധസംഘം സംഭാഷണം നടത്തിയതുപോലും ഇരുപത്തഞ്ചോളം വരുന്ന തമിഴ്നാട് ഉദ്യോഗസ്ഥരോട് മാത്രമാണ്. ഇക്കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്ന പരാതിയാണ് കേരളം ഇന്ന് ഉന്നതാധികാര സമിക്ക് സമര്‍പ്പിക്കുന്നത്.
അതിനിടെ ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ദ്ധരായ സി.ഡി തട്ടേ, ഡി.കെ മേത്ത എന്നിവര്‍ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ.എസ്.ആനന്ദുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ആനന്ദ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇരുവരും അദ്ദേഹത്തിന്റെ ദില്ലി നോയ്ഡയിലെ വസതിയില്‍ എത്തിയത്. സാങ്കേതിക വിദഗ്ദ്ധര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: