ചെന്നൈ: ‘താനെ’ ചുഴലിക്കൊടുങ്കാറ്റ് തമിഴ്നാട് തീരം കടന്നു. പ്രകൃതിക്ഷോഭത്തില്‍ 18പേര് കൊല്ലപ്പെട്ടു. കൂടല്ലൂരിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി.
കൂടല്ലൂരില്‍ ചുമരിടിഞ്ഞ് വീണും വൈദ്യുതാഘാതമേറ്റും അഞ്ച്പേര്‍ മരിച്ചു. പുതുച്ചേരിയില്‍ വീട് ഇടിഞ്ഞുവീണ് മധ്യവയസ്ക്കനും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുതുച്ചേരിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ എസ്.ബി. ദീപക് കുമാര്‍ അറിയിച്ചു. തെക്കന്‍ തമിഴ്നാട്ടില്‍നിന്നുള്ള തീവണ്ടി സര്‍വീസുകളെയും സാരമായി ബാധിച്ചു. ട്രെയിനുകളില്‍ പലതും വൈകിയോടുകയും തൊട്ടടുത്ത സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുകയും ചെയ്തു. ചെന്നൈയില്‍നിന്ന് കുവൈറ്റ്, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള ചില വിമാനസര്‍വീസുകളും റദ്ദാക്കി.
ഇന്നലെ രാവിലെ 6.30 നും 7.30 നുമിടക്ക് കൂടല്ലൂരിനും പുതുച്ചേരിക്കുമിടക്കാണ് ‘താനെ’ കൊടുങ്കാറ്റ് തമിഴ്നാട് തീരം കടന്നതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും പല ഭാഗങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അവര്‍ വ്യക്തമാക്കി. വടക്കന്‍ കേരളം, റായലസീമ, തെക്കന്‍ കര്‍ണാടക എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. കൂടല്ലൂരില്‍ വന്‍ നാശമാണ് കൊടുങ്കാറ്റ് വിതച്ചത്. റോഡുകള്‍ തകര്‍ന്നതോടെ ദേശീയ ദുരന്ത നിവാരണ സേനക്കും അഗ്നിശമനസേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ദുഷ്ക്കരമായി. 5000 ത്തിലേറെ മുക്കുവരുടെ വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലാവുകയൂം ചെയ്തതായി ജില്ലാ കളക്ടര്‍ അമൃതവള്ളി അറിയിച്ചു. ഖാനികള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനവും നിലച്ചു. ചെന്നൈയില്‍ 3000 ത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി കോര്പ്പറേഷന് അധികൃതര്‍ പറഞ്ഞു.
വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: