മനസ്സിനെ പ്രലോഭിപ്പിച്ച് മോഹബദ്ധമാക്കുന്ന നാനാത്വമാണ് ബന്ധകാരണം. നാനാത്വം സത്യമാണെന്ന ചിന്ത വിട്ടുപോകാത്തിടത്തോളം ദുഃഖമോചനമെന്ന മോക്ഷം സാദ്ധ്യമേയല്ല. മേഘമാണ് മഴത്തുള്ളിയായി താഴെ വീഴുന്നത്. എന്നാല്‍ മഴത്തുള്ളികളില്‍ മാത്രം ദൃഷ്ടി പതിഞ്ഞുപോയാല്‍ മേഘത്തെ അറിയാനേ കഴിയാതെ പോകും.
നാനാത്വദൃഷ്ടിയാണ് ബന്ധം. ഏകത്വദൃഷ്ടിയാണ് മോക്ഷം. നാനാത്വം സത്യമെന്ന് കരുതുന്നിടത്തോളം അവ മാറിമാറി മനസ്സിനെ പ്രലോഭിപ്പിച്ച് രാഗദ്വേഷങ്ങളില്‍ അകപ്പെടുത്തിക്കൊണ്ടേയിരിക്കും. അതൊരിക്കലും അവസാനിക്കുകയുമില്ല. എന്നാല്‍ അവയിലൊക്കെ നിറഞ്ഞുനില്ക്കുന്ന ബോധമാകുന്ന ഏകത്വത്തെ അനുഭവിക്കാന്‍ കഴിഞ്ഞാല്‍ അതോടെ മോഹം മാറി രാഗദ്വേഷങ്ങളകന്ന് മനസ് പ്രസന്നമായിത്തീരുന്നതാണ്. സ്വയം പ്രസന്നമാകുന്ന മനസ്സില്‍ ദുഃഖങ്ങളൊക്കെ ഒഴിഞ്ഞുമാറും. ആ മനസ്സില്‍ ഈശ്വരബുദ്ധി സദാ കളിയാടി നില്ക്കും. മഴത്തുള്ളികള്‍ എണ്ണമറ്റവയാണ്. എന്നാല്‍ അവയ്ക്കൊക്കെ ഹേതുമേഘമാണ്. തുള്ളികളെന്ന അനേകം മേഘമെന്ന ഏകത്തില്‍ അടങ്ങുന്നു. അതുപോലെ എണ്ണമറ്റവയായി കാണപ്പെടുന്ന പ്രപഞ്ചദൃശ്യങ്ങള്‍ ബോധമെന്ന ഏകത്തില്‍ അടങ്ങുന്ന എന്നതാണ് സത്യം.
ബോധരൂപമായ ബ്രഹ്മത്തിന്റെ ഇന്ദ്രജാലപ്രകടനമാണ് നാനാരൂപമായ പ്രപഞ്ചം. ഈശന് അവയിലിരിപ്പില്ല. ഈശ്വരശക്തിയായ മായയില്‍ രൂപംകൊള്ളുന്ന കാഴ്ചയൊന്നും നിത്യമല്ല. ആശയുടെ കെട്ടുകളറ്റവര്ക്ക് ഇക്കാര്യം അനുഭവിച്ചറിയാന്‍ കഴിയും.
നാനാരൂപത്തില്‍ കാണുന്ന പ്രപഞ്ചമാകെ ബോധരൂപനായ ഈശ്വരന്റെ ഇന്ദ്രജാലമാണ്. ഈ നാനാത്വത്തില്‍ ഒതുങ്ങുന്നതല്ല ഈശ്വരന്. സമുദ്രത്തിലെ അല്പദൃശ്യങ്ങളാണ് കുമിളകളും തിരകളും. അതുകൊണ്ടുതന്നെ ഇവയില്‍ ഒതുങ്ങുന്നതല്ല സമുദ്രം. സമുദ്രത്തില്‍ ഒതുങ്ങുന്നതാണ് കുമിളകളും തിരകളും. അതുപോലെ ഈശ്വരനില്‍ ഒതുങ്ങുന്നവയാണ് ഇന്ദ്രജാലദ്യശ്യങ്ങളെല്ലാം. തിരകളും കുമികളും സമുദ്രത്തിലുണ്ടായിമറയുന്നവയായതുകൊണ്ട് നിത്യങ്ങളല്ല. സമുദ്രം അവയെ അപേക്ഷിച്ച് നിത്യമാണ്. അതുപോലെ ഈശ്വരനില്‍ ഉണ്ടായിമറയുന്നവനായതുകൊണ്ട് നിത്യമല്ല. അവയെ ഉണ്ടാക്കി മറയ്ക്കുന്ന ഈശ്വരനാകട്ടെ ശാശ്വതസത്യമാണ്. ഉള്ളില്‍ ആശയറ്റ മുക്തപുരുഷന് ദൃശ്യങ്ങളുടെ നശ്വരതയും ഈശ്വരന്റ നിത്യസ്ഥിതിയും അനുഭവിച്ചറിയാന്‍ കഴിയുന്നു.
സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: