കൊച്ചി: ഐസ്ക്രീം കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഒരു മാസത്തെ സമയം കൂടി അനുവദിച്ചു. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ആറാഴ്ച്ചത്തെ സമയമാണ് കോടതിയോട് ആവശ്യപ്പെട്ടത്.
കേസന്വേഷണത്തിന്റെ 90 ശതമാനവും പൂര്‍ത്തിയായെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാക്കിയുള്ള അന്വേഷണം കൂടി പൂര്‍ത്തിയാക്കാനാണു കൂടുതല്‍ സമയം തേടുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു. അന്വേഷണ പുരോഗതി അറിയിച്ചാല്‍ സഹായിക്കാനാകുമെന്നു വി.എസ്. അച്യുതാനന്ദന്റെ അഭിഭാഷകന് അറിയിച്ചു. എന്നാല്‍ ഈ ഘട്ടത്തില്‍ ഇടപെടേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി.
ഐസ്ക്ര്രിം കേസില്‍ ഭാര്യാസഹോദരീ ഭര്‍ത്താവായ റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സമര്‍പ്പിച്ച കേസാണ് ഹൈക്കോടതി പരിഗണിച്ചത്.
കേസുമായി ബന്ധപ്പെട്ട ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും എഫ്.ഐ.ആറും സീല്‍ വച്ച കവറില്‍ കോടതിയ്ക്കു കൈമാറി. ഇതിനോടകം തന്നെ 129 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും 104 രേഖകള്‍ പരിശോധിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. 27-9-2011നാണു കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ആരംഭിച്ചത്. അതിനു ശേഷം പുതുതായി 45 സാക്ഷികളുടെ മൊഴിയും 48 രേഖകള്‍ പിടിച്ചെടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി.
15 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്താനും ഏതാനും രേഖകള്‍ പിടിച്ചെടുക്കാനും ഉണ്ട്. ഇതിനാണ് ആറാഴ്ചത്തെ സമയം തേടിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ജനുവരി 30ലേക്കു മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി വിന്‍സന്‍ എം.പോള്‍, എസ്പിമാരായ അനൂപ് കുരുവിള ജോണ്‍, പി.വിജയന്. ഡിവൈ എസ്പി ജെയ്സണ്‍ എബ്രഹാം എന്നിവര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: