തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യ ഫാക്ടറി പഞ്ചായത്ത് അധികൃതര്‍ പൂട്ടി. ഇതോടെ തിരുവനന്തപുരം ജില്ലയിലെ മാലിന്യനീക്കം സ്തംഭിച്ചു. വിളപ്പില്‍ശാല പഞ്ചായത്തും, നേമം ബ്ലോക്കും, ജനകീയ സമരസമിതിയും ചേര്‍ന്നാണ് ഫാക്ടറി പൂട്ടിയത്. ചവര്‍ നീക്കം ഇന്നലെ മുതല്‍ തന്നെ നിലച്ചിരുന്നു.
ഫാക്ടറി പൂട്ടാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചിരുന്നു. ഇന്ന് മാലിന്യവുമായി എത്തുന്ന ലോറികള്‍ തടയുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 20 അംഗ പഞ്ചായത്തില്‍ അഞ്ച് സി.പി.എം. അംഗങ്ങളുടെ എതിര്‍പ്പോടുകൂടിയാണ് ചവര്‍ ഫാക്ടറി പൂട്ടാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ. അംഗങ്ങള്‍ ഫാക്ടറി പൂട്ടണമെന്ന നിലപാടിലായിരുന്നു.
എന്നാല്‍ ഫാക്ടറി പൂട്ടുന്നതിന് പകരം വിളപ്പില്‍ശാലയിലെ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നായിരുന്നു സി.പി.എം. നിലപാട്. പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മേയര്‍ കെ. ചന്ദ്രികയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധിസംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം ഇന്നുരാവിലെ 11ന് മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ത്ത യോഗം പത്ത് മിനിട്ടുകൊണ്ട് അലസിപ്പിരിയുകയായിരുന്നു. മോണിറ്ററിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും ക്ഷണിച്ചില്ലെന്ന കാരണത്താലാണിത്. ചവര്‍ ഫാക്ടറി പൂട്ടിയേ മതിയാകൂ എന്ന് നാട്ടുകാര്‍ ഏകസ്വരത്തില്‍ പറയുമ്പോള്‍ പോലീസ് സംരക്ഷണമുണ്ടെങ്കില്‍ ചവര്‍ കൊണ്ടുപോകുമെന്ന് മേയര്‍ കെ. ചന്ദ്രിക വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: