ന്യൂദല്‍ഹി: സിബിഐയെ ഉള്‍പ്പെടുത്താത്ത കരട് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെ സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ സമരം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഡിസംബര്‍ 27 മുതല്‍ മൂന്ന് ദിവസം ഉപവാസം നടത്തുമെന്നും ഡിസംബര്‍ 30 മുതല്‍ രാജ്യവ്യാപകമായി ജയില്‍ നിറക്കല്‍ സമരം ആരംഭിക്കുമെന്നും ഹസാരെ മുന്നറിയിപ്പ് നല്കി.
സിബിഐയെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് വേര്‍പ്പെടുത്തിക്കൊണ്ടുള്ള ലോക് ബില്ലല്ല അവതരിപ്പിക്കാന്‍ പോകുന്നതെങ്കില്‍ അതിനായി പാര്‍ലമെന്റ് സമ്മേളന കാലാവധി നീട്ടുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഹസാരെ സംഘം അഭിപ്രായപ്പെട്ടു. ജന്‍ ലോക്പാല്‍ ബില്ലില്‍ നിര്‍ദ്ദേശിച്ച പൗരാവകാശ സൂചികയുടെ കാര്യത്തിലും സര്‍ക്കാരിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ഹസാരെ കുറ്റപ്പെടുത്തി.
പൗരാവകാശ സൂചികയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുമെന്നും ഹസാരെ മുന്നറിയിപ്പ് നല്കി. “സര്‍ക്കാര്‍ സ്വന്തം വഴിക്ക് പോവുകയാണെങ്കില്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ വഴി. ജീവന് അവശേഷിക്കുന്ന കാലത്തോളം സമരം നടത്താനാണ് എന്റെ തീരുമാനം”, 74 കാരനായ ഹസാരെ സ്വന്തം ഗ്രാമമായ മഹാരാഷ്ട്രയിലെ റാലെഗണ്‍ സിദ്ധിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കരട് ലോക്പാല്‍ ബില്ലില്‍ സിബിഐയെ ഉള്‍പ്പെടുത്താന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടിയെ ഹസാരെ സംഘാംഗവും മുന്‍ ഐപിഎസ് ഓഫീസറുമായ കിരണ്‍ ബേദി രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ ലോക്പാല്‍ അവതരിപ്പിക്കുന്നതല്ല, അതിന്റെ ഉള്ളടക്കമാണ് പ്രശ്നമെന്ന് അവര്‍ വ്യക്തമാക്കി. ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 27 മുതല്‍ മൂന്നുദിവസം നീട്ടിയെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഓരോ നിമിഷവും നിലപാട് മാറ്റുകയാണെന്ന് കിരണ്‍ ബേദി കുറ്റപ്പെടുത്തി. ‘സിബിഐ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നിന്ന് മാറി സ്വതന്ത്ര ലോക്പാലിന്റെ കീഴില്‍ വരാത്തപക്ഷം അഴിമതി നിര്‍മ്മാര്‍ജനം സാധ്യമാവില്ല. നമുക്ക് വിഡ്ഢികളാകാതിരിക്കാം’, അവര്‍ അഭിപ്രായപ്പെട്ടു.
സിബിഐയുടെ അന്വേഷണ വിഭാഗത്തെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരാത്ത നടപടി സര്‍ക്കാരിന്റെ മലക്കം മറിച്ചിലല്ല, ജനങ്ങളെ വഞ്ചിക്കലാണെന്ന് ഹസാരെ സംഘാംഗവും വിവരവകാശ പ്രവര്‍ത്തകനുമായ അരവിന്ദ് കേജ്രിവാള് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ കരട്ബില്ലില്‍ ലോക്പാലിന് ഭരണഘടന പദവി നല്‍കുന്നുണ്ടെന്ന വാദത്തെ കേജ്രിവാള് പരിഹസിച്ചു. ഭരണഘടനാ പദവികൊണ്ടു മാത്രം കാര്യമില്ല. സിഎജി പോലുള്ള നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഈ പദവിയുണ്ട്. എന്നാല്‍ അഴിമതി നിയന്ത്രിക്കാനാവുന്നില്ല. ഭരണഘടനാപദവിയല്ല, അധികാരമുണ്ടോ എന്നതാണ് പ്രശ്നം, കേജ്രിവാള് പറഞ്ഞു.
അതേസമയം, സിബിഐയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുതിര്‍ന്ന മന്ത്രിമാരുടെ കാഴ്ചപ്പാട് ഇതാണെന്ന് പറയപ്പെടുന്നു. ഈ കാര്യം അവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ധരിപ്പിച്ചുവെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച കുറിപ്പ് പ്രധാനമന്ത്രി ശരിവെച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: