ചണ്ഡിഗഡ്: ഇന്ത്യയിലെ ജലമലിനീകരണത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പ്രകാരം പഞ്ചാബിലെ നദികളും ഭൂഗര്‍ഭജലവും ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടിരിക്കുകയാണെന്ന് പരാമര്‍ശം. ദേശീയനദീ സംരക്ഷണ പദ്ധതി ലുധിയാന, ജലാന്തര്‍, ഫ്ഗവാര, ഫില്ലൂര്‍, കപൂര്‍ത്തല, സുല്ത്താന്പൂര്ലോധി എന്നീ ആറ് നഗരങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാരിനായില്ലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. ഈ നദികളെല്ലാം സത്ലജ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നവയാണ്. ജലാന്തറില്‍ നിന്നും ലുധിയാനയില്‍ നിന്നുമാണ് നദി ജലത്തിന്റെ സാമ്പിളുകള്‍ സിഎജി ശേഖരിച്ചത്. ജലത്തില്‍ രോഗകാരണമായ ബാക്ടീരിയയും വൈറസുകളുമുണ്ടെന്നും അത് കുടിക്കാന്‍ ഉപയോഗിക്കാവുന്നതല്ലെന്നും പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
ജൈവമാലിന്യങ്ങളെ സൂചിപ്പിക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് നദി ലുധിയാനയിലെത്തുമ്പോള് 500 ആണെങ്കില്‍ നഗരം കടക്കുമ്പോള്‍ 22000 ആയി വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജലാന്തര്‍ നഗരത്തില്‍ നദിയുടെ കോളിഫോം ബാക്ടീരിയയുടെ അളവ് നൂറ് മടങ്ങാണ് വര്‍ദ്ധിച്ചത്. സത്ലജ് നദിയുടെ ഈ മലിനീകരണത്തിന് കാരണം അഴുക്കുചാലുകളും മറ്റ് വ്യാവസായിക മാലിന്യങ്ങളുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനെതിരെയുള്ള നടപടികള്‍ക്കായി തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള കാലതാമസം ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി സിഎജി ചൂണ്ടിക്കാട്ടുന്നു. ചില പദ്ധതികള്‍ വൈദ്യുതി ലഭിക്കാത്തതുകാരണം നിര്ത്തിവെക്കേണ്ടിവന്നതായും കണ്ടെത്തി. ജലാന്തര്‍ നഗരത്തിലെ ശരാശരി മാലിന്യം പ്രതിദിനം 225 ദശലക്ഷം ലിറ്ററാണ്. നഗരത്തിലെ മാലിന്യ ശുദ്ധീകരണ പ്ലാന്റിന്റെ പരമാവധി പ്രതിദിനം 100 ലിറ്റര്‍ ശുദ്ധീകരണം മാത്രമാണ്. അതില്‍ത്തന്നെ യഥാര്‍ത്ഥത്തില്‍ 82 ദശലക്ഷം ലിറ്റര്‍ മാത്രമേ സംസ്കരിക്കപ്പെടുന്നുള്ളൂ. ബാക്കിയാകുന്ന 153 ദശലക്ഷം ലിറ്റര്‍ ജലം പ്രതിദിനം സത്ലജ് നദിയിലേക്കൊഴുക്കി വിടുകയാണ്. ഇത്തരം മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ജലാന്തറിലും ലുധിയാനയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാലാണ് നദിയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: