കറുകച്ചാല്‍: കറുകച്ചാലിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നു. മണ്ണുകയറ്റിയടിപ്പറുകള് മരണപ്പാച്ചില്‍ നടത്തുന്നു. കാല്‍നടയാത്രക്കാര്‍പോലും ഭയന്നാണ് റോഡിലൂടെ നടക്കുന്നത്. കങ്ങഴ, കൊച്ചുപറമ്പ്, നെടുംകുന്നം ഭാഗങ്ങളില്‍ നിന്നാണ് മണ്ണുഖനനം നടത്തുന്നത്. നാല്പതില്പരം ടിപ്പറുകളാണ് ഇവിടെ നിന്നും മണ്ണുകയറ്റിപോകുന്നത്. ഈ ഭാഗങ്ങളിലെ ഒട്ടുമിക്ക കുന്നുകളും മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കി. മണ്ണുഖനനം ചെയ്യുന്നതിന് അനുമതി നല്കുമ്പോള് പാലിക്കേണ്ട നിബന്ധനകള്‍ കാറ്റില്‍പറത്തിയാണ് ഖനനം നടത്തുന്നത്. നിയമം നടപ്പിലാക്കേണ്ട നിയമപാലകരുടെ ഓഫീസിനോടുചേര്‍ന്ന് മണ്ണുഖനനം നടത്തിയതും നിയമം ലംഘിച്ചാണ്. അതിരില്‍ നിന്നും നിശ്ചിതഅകലം ഇട്ടേ മണ്ണുഖനനം ചെയ്യാവൂ എന്ന നിയമം ലംഘിച്ച് മണ്ണെടുത്തതുമൂലം പോലിസ് സ്റ്റേഷണ്റ്റെ അതിരില്‍ നില്ക്കുന്ന വന്മരങ്ങള് ഏതുസമയത്തും നിലം പൊത്തുന്നനിലയിലാണ്. മണ്ണുമാഫിയായുടെ ഉന്നതങ്ങളിലെ സ്വാധീനമാണ് ഇതിനു പിന്നില്‍. രാത്രി ൧൦ മണിയോടെ ആരംഭിക്കുന്ന ടിപ്പറുകളുടെ മരണപ്പാച്ചില്‍ വെളുപ്പിന് ൬ മണിവരെ തുടരും. ഇതുമൂലം പ്രഭാതസവാരിക്കുപോലും ജനത്തിനു കഴിയുന്നില്ല. ചെറുവാഹനങ്ങളെ ടിപ്പറുകള്‍ ശ്രദ്ധിക്കാറേയില്ല. അപകടമുണ്ടായാല്‍ കേസാക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ തന്നെ ടിപ്പറുകളുടെ ഉടമ പണവും അതെത്തിക്കാന്‍ കാറും നല്കുന്ന സ്ഥിരം പദ്ധതിയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. മുപ്പതിലധികം ടിപ്പറുകളുള്ള നിരണം സ്വദേശിയുടെ ടിപ്പര്‍ കറുകച്ചാല്‍ ഭാഗത്ത് നിരവധി അപകടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിലൊരുകേസുപോലും എടുത്തിട്ടില്ല. എല്ലാം ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തത്. ടിപ്പറുകളുടെ വേഗത നിയന്ത്രിക്കാനുള്ള വേഗപ്പൂട്ട് ഉപയോഗിക്കാതെയാണ് ടിപ്പറുകള്‍ ഓടുന്നത്. അമിതമായ മണ്ണെടുപ്പുമൂലം വാന്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നറിഞ്ഞിട്ടും റവന്യൂ അധികാരികള്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതെ അനുമതി നല്കുന്നതില് പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: