ഈശ്വരന് കുടികൊള്ളുന്ന പവിത്രവും പാവനുമായ സ്ഥലമാണ് ദേവാലയം. ദേവാലയത്തെ അഞ്ചു പ്രകാരങ്ങളായി തിരിച്ചിട്ടുണ്ട്. അകത്തെ ബലിവട്ടം, അന്തഹാര, മദ്ധ്യഹാര, ബാഹ്യഹാര, മര്യാദസീമ എന്നിവയാണ് ആ അഞ്ചു പ്രകാരങ്ങള്‍.അകത്തെ ബലിവട്ടമാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗം. ഇവിടെയാണ് ശ്രീകോവില്‍. ദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഗര്‍ഭഗൃഹം, അന്തരാളം, മുഖമണ്ഡപം, സോപാനം, ജലം പുറത്തേക്കു പോകാനുള്ള ഓവുചാല്‍ എന്നിവ ശ്രീകോവിലിന്റെ ഭാഗമാണ്.ശ്രീകോവിലിന്റെ പുറത്തുള്ള പ്രദക്ഷിണ വഴി അന്തര്മണ്ഡലമാണ്. അഷ്ടദിക്പാലകന്മാരേയും സപ്തമാതൃക്കളെയും പ്രതിഷ്ഠിച്ചിരിക്കുന്ന ബലിപീഠങ്ങള്‍ ഇവിടെ വിന്യസിച്ചിരിക്കുന്നു. ഇതിനെല്ലാം കൂടി മൊത്തത്തില്‍ അകത്തെ ബലിവട്ടം എന്നു വിളിക്കുന്നു. രണ്ടാമത്തെ പ്രകാരമാണ് അന്തഹാരം അല്ലെങ്കില്‍ നാലമ്പലം. തിടപ്പള്ളി ഇവിടെയാണ്. വിളക്കുമാടം സ്ഥാപിക്കുന്നതും അന്തഹാരയ്ക്കു പുറത്തുള്ളതുമായ ഭാഗമാണ് മൂന്നാമത്തെ പ്രകാരമായ മദ്ധ്യഹാര.നാലാമത്ത പ്രകാരമായ ബാഹ്യഹാര അല്ലെങ്കില്‍ പുറത്തെ ബലിവട്ട (ശീവേലിപ്പുര)ത്തില്‍ വലിയ ബലിക്കല്ല്, കൊടിമരം, കൂത്തമ്പലം എന്നിവ സ്ഥിതി ചെയ്യുന്നു.അഞ്ചാമത്തെ പ്രകാരമായ മര്യാദസീമ അല്ലെങ്കില്‍ പുറംമതില്. ഇവിടെയാണ് പ്രവേശന ഗോപുരങ്ങളും ഊട്ടുപുരയുമുള്ളത്.
മാധവജിയുടെ ക്ഷേത്ര ചൈതന്യം എന്ന ഗ്രന്ഥത്തില്‍ പറയുന്നു.”ഗര്‍ഭഗൃഹം ശിരസ്സായും, അകത്തെ ബലിവട്ടം മുഖമായും, വേദോച്ചാരണ മന്ത്രവും മറ്റും നടത്തുന്ന മണ്ഡപം ഗളമായും, നാലമ്പലം കൈകളുടെ സ്ഥാനമായും, ദേവപരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന പുറത്തെ പ്രദക്ഷിണ വഴി കുക്ഷിസ്ഥാനമായും, പുറംമതില് മുട്ടുകളും കണകങ്കാലുകളുമായും, ഗോപുരം ദേവപാദങ്ങളുമായാണ് വര്‍ണ്ണിച്ചിരിക്കുന്നത്.”
ഓണക്കൂര്‍ ശങ്കരഗണകന്റെ ‘ദേവപ്രശ്ന’ത്തില്‍ ക്ഷേത്രം നാലുവിധം പണിയാമെന്നു കാണുന്നു. നാലുവശവും ഗോപരമുള്ള സ്വസ്തികം, വളരെ നിലകളുള്ള സര്‍വ്വതോഭദ്രം, വൃത്താകാരമായ നന്ദ്യാവര്‍ത്തം, വളരെ വലിപ്പവും ഭംഗിയുമുള്ള വിഛിന്ദികം എന്നിവയാണ് ആ നാലു രീതികള്‍.
പ്രാസാദം ഇരുപതി വിധത്തില്‍ പണിയാം. മേരു, മന്ദിരം, കൈലാസം, വിമാനഛന്ദം, നന്ദനം, സമുദ്രം, പത്മം, ഗരുഡം, നന്ദിവര്ദ്ധനം, കുഞ്ജരം, ഗഹുരാജം, വൃക്ഷം, ഹംസം, സര്‍വ്വതോഭദ്രം, ഘടം, സിംഹം, വൃത്തം, ചതുഷ്കോണം, ഷോഡശാത്രം, അഷ്ടാശ്രം എന്നിവയാണ് ആ ഇരുപതു രീതികള്‍. തറ മുതല്‍ അഗ്രം വരെ ചതുരമായിപ്പണിയുന്ന ‘നാഗര’രീതിയും, തറ ചതുരമായും മുകളിലോട്ട് ഷഡ്കോണായോ, അഷ്ടകോണായോ പണിയുന്നത് ദ്രാവിഡരീതിയും, ചുവടു മുതലോ ഗളം മുതലോ വൃത്തമായിതന് ‘വേസര’ രീതിയും പ്രചാരത്തിലുണ്ട്.ക്ഷേത്ര നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്താല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാം. ശ്രീകോവിലിന്റെ സ്ഥാനത്ത് ചതുരത്തില്‍ ആവശ്യത്തിന് കുഴി കുഴിച്ച് വാസ്തുബലി നടത്തി ശുദ്ധികര്‍മ്മം ചെയ്യുന്നു.ഏറ്റവുമടിയില്‍ ആധാരശിലവെച്ച് അതിന്റെ മദ്ധ്യത്തിലുള്ള കുഴിയില്‍ ധാന്യാദികള്‍ നിറച്ച് പീഠത്തില്‍ കല്ലുകൊണ്ടോ ചെമ്പുകൊണ്ടോ ഉണ്ടാക്കിയ രത്നമോ സ്വര്‍ണ്ണമോ നിറച്ച നിധികുംഭം സ്ഥാപിക്കുന്നു. അതിനു മുകളില്‍ ശിലകൊണ്ടുണ്ടാക്കിയ പത്മവും ക്ഷേത്രഭാഗത്തേക്ക് മുഖം വരത്തക്കവണ്ണം കൂര്‍മ്മവും, കൂര്മ്മത്തിനു മുകളില്‍ യോഗനാളവും, അതിനു മുകളില്‍ നപുംസക ശിലയും പിന്നെ പീഠവും, പീഠത്തിനു മുകളില്‍ ദേവബിംബവും യഥാവിധി ഉറപ്പിക്കുന്നതോടെ ഷഡാധാര പ്രതിഷ്ഠയായി. ഇതില്‍ ആധാരശില മൂലാധാരവും (പൃഥ്വീതത്ത്വം) ധാന്യപീഠം സ്വാധിഷ്ഠാനവും, നിധികുംഭം മണിപൂരകവും, പത്മം അനാഹാതവും, യോഗനാളം വിശുദ്ധിചക്രവും നപുംസകശില ആജ്ഞചക്രവും ആണെന്ന് സങ്കല്പിച്ചിരിക്കുന്നു.
പഞ്ചപ്രകാരങ്ങള്‍: പ്രാസാദത്തിനു ചുറ്റു അരദണ്ഡ് ദൂരത്തില്‍ അന്തര്‍മണ്ഡലം, ഒന്ന് ഒന്നര ദണ്ഡു വരുന്നിടത്ത് അന്തഹാര, രണ്ടു ദണ്ഡു വരുന്നിടത്ത് മദ്ധ്യഹാര, നാലു ദണ്ഡറുതിയില്‍ ബാഹ്യകാര, ഏഴു ദണ്ഡറുതിയില്‍ മര്യാദസീമ (പുറംമതില്) എന്നിങ്ങനെയാണ് അളവുകോല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: