കൊച്ചി: കാഞ്ഞങ്ങാട് നടന്ന വര്‍ഗ്ഗീയകലാപത്തിലെ കുറ്റവാളികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. കലാപത്തോടനുബന്ധിച്ച് 153 (എ) വകുപ്പനുസരിച്ച് ചാര്‍ജ് ചെയ്ത 130 കേസുകളിലെ 780 പ്രതികളില്‍ കേവലം 200 പേരെ മാത്രമാണ് നാളിതുവരെയായി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കുറ്റവാളികളെ രക്ഷിക്കാനും കേസൊതുക്കിത്തീര്ക്കാനുമാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ആരോപിച്ചു. ഐപിസി 153 (എ) അനുസരിച്ച് ചാര്‍ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള ലീഗിന്റെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നത് ഇരകളായ ഭൂരിപക്ഷ ജനതയോടുള്ള കടുത്ത അനീതിയാണ്. ഇതിനകം 65 കേസുകള്‍ പിന്‍വലിക്കപ്പെട്ടതിന് കാരണം വ്യക്തമാക്കണം.
കലാപത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണം. എസ്പി രാംദാസ് പോത്തനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത നടപടി ഒട്ടും ന്യായീകരിക്കത്തക്കതല്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഐജി ശ്രീജിത്ത് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ പത്തുവര്‍ഷമായി നടന്ന 1113 സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടെ 6000ത്തിലേറെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരാരും തന്നെ ശിക്ഷിക്കപ്പെടാതിരുന്നത് കേസ് അട്ടിമറിക്കപ്പെട്ടതിന്റെ വ്യക്തമായ തെളിവാണ്. കാസര്‍കോട് ജില്ലയില്‍ തികച്ചും ഏകപക്ഷീയമായി ഹിന്ദുസമൂഹത്തിന് നേരെ നടക്കുന്ന വര്‍ഗ്ഗീയ ആക്രമണങ്ങളെ ശക്തമായി നേരിടണമെന്ന് ബാബു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: