തൃശൂര്‍ : കാര്‍ഷിക സര്‍വ്വകലാശാലയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമ്പത്തികസ്ഥിതിയേയും പറ്റി നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു. കേരളത്തിലെ കാര്‍ഷിക മേഖല നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യങ്ങളെ നിഷ്ക്രിയത്വത്തോടെ നോക്കിക്കാണുന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ അനങ്ങാപ്പാറ നയത്തിനെതിരെ കര്‍ഷകമോര്‍ച്ച ശക്തമായ പ്രക്ഷോഭം നടത്തുവാന്‍ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡണ്ട് ടി.ചന്ദ്രശേഖരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി നാളെ കാര്‍ഷിക സര്‍വ്വകലാശാലയിലേക്ക് കര്‍ഷകമോര്‍ച്ച മാര്‍ച്ച് നടത്തും. രാവിലെ 10.30ന് മണ്ണുത്തി ബൈപ്പാസില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്, വൈസ് പ്രസിഡണ്ട് അഡ്വ. രമരഘുനന്ദനന്, ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി എ.നാഗേഷ് എന്നിവര്‍ സംസാരിക്കും.
കര്‍ഷക ആത്മഹത്യകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോഴും രാസവളങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കര്‍ഷകരുടെ നട്ടെല്ലൊടിക്കുകയാണ്. കൃഷി ആദായകരമല്ലാത്ത തൊഴിലും കൃഷിക്കാരന് അവഗണിക്കപ്പെട്ടവനായും മാറിക്കഴിഞ്ഞു. കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ട കാര്‍ഷിക സര്‍വ്വകലാശാലയാകട്ടെ കൃഷിഭൂമിയിലേക്കിറങ്ങാതെ ഓഫീസുകളില്‍ ഇരിക്കുന്ന സമീപനത്തിന് മാറ്റം വരുത്തണം. പുതിയ കാര്‍ഷിക ഗവേഷകരെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയുള്ള കാര്‍ഷിക വിദ്യാഭ്യാസം കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്നും ടി.ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
നിലവിലുള്ള കാലാവസ്ഥ വ്യതിയാനത്തിന് അനുസൃതമായി ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള വിത്തും നടീല്‍ വസ്തുക്കളും വികസിപ്പിച്ചെടുക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എ.നാഗേഷ്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.കെ.ഭാസ്കരന്, ജനറല്‍ സെക്രട്ടറി സുനില്‍ജി മാക്കന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: