ലണ്ടന്‍: ബോളിവുഡിലെ നിത്യഹരിത നായകന് ദേവാനന്ദ് (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ പരിശോധനകള്ക്കാണു ലണ്ടനിലെത്തിയത്.
മരണസമയത്ത് മകന് സുശീല്‍ ഒപ്പമുണ്ടായിരുന്നു. കല്പനാ കാര്‍ത്തിക് ആണ് ഭാര്യ. ചേതന്‍ ആനന്ദ്, വിജയ് ആനന്ദ് എന്നിവര്‍ സഹോദരന്മാരു പ്രശസ്ത സംവിധായകന് ശേഖര്‍ കപൂറിന്റെ മാതാവ് ഷീലാകാന്താ കപൂര്‍ സഹോദരിയുമാണ്. 1946ല്‍ ‘ഹം ഏക് ഹെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്കുള്ള ദേവാനന്ദിന്റെ അരങ്ങേറ്റം. അടുത്ത വര്‍ഷം പുറത്തിറങ്ങിയ ‘സിദ്ധി’ എന്ന ചിത്രം മെഗാഹിറ്റായതോടെ ദേവാനന്ദ് ബോളിവുഡിലെ താരരാജാവായി ഉയരുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ചാര്ജ്ജ്ഷീറ്റാ”ണ് അദ്ദേഹം ഏറ്റവുമൊടുവില്‍ അഭിനയിച്ച ചിത്രം.
അശോക് കുമാര്‍ എന്ന ബോളിവുഡ് സംവിധായകനുമായുളള കൂട്ടുകെട്ടാണു ദേവാനന്ദ് എന്ന നടനെ വളര്‍ത്തിയത്. 1948ല്‍ പുറത്തിറങ്ങിയ വിദ്യാ, ജീത്ത് എന്നീ ചിത്രങ്ങള്‍ ബോക്സ്ഓഫിസില്‍ വന്‍ഹിറ്റുകളായി. 1951ലെ ബാസി എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറില്‍ സുപ്രധാന വഴിത്തിരിവായി. അതിനുശേഷമാണു 1960കളോടെ ബോളിവുഡിന്റെ നിത്യഹരിത നായകന് എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ജുവല്‍ തീഫ്, സിഐഡി, ജോണി മേരാ നാം, അമിര്‍ ഗരീബ്, വോറന്റ്, ഹരേ റാം ഹരേ കൃഷ്ണ, ദേസ് പര്‍ദേസ്, ഗെയ്ഡ്, കാലാപാനി തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റുകള്‍ ദേവാനന്ദ് ബോളിവുഡിനു സമ്മാനിച്ചു.
1923 സെപ്റ്റംബര്‍ 26നു പഞ്ചാബിലായിരുന്നു ദേവാനന്ദിന്റെ ജനനം. കുട്ടിയായിരിക്കുമ്പോള്‍ തന്നെ കലാ സാംസ്കാരിക രംഗത്തു സജീവമായിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്തു നിരവധി നാടകങ്ങളിലും അഭിനയിച്ചു. ഇതിന്റെ ചുവടുപിടിച്ചുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.
ഹിന്ദി സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ മാനിച്ച 2001ല്‍ പദ്മഭൂഷണ്‍ അവാര്‍ഡും 2002ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മികച്ച നടനുളള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നിരവധി തവണ തേടിയെത്തിയിട്ടുണ്ട്. ‘കാലാപാനി’യിലെ അഭിനയത്തിന് 1958ലും, ഗൈഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് 1966ലും ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. 1993ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും 1996ല്‍ സ്ക്രീന്‍ വീഡിയോകോണിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ദേവാനന്ദിനെ തേടിയെത്തി. 110 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1970ല്‍ ദേവാനന്ദ് പ്രൊഡക്ഷന്‍ എന്ന ബാനറില്‍ ദേവാനന്ദ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച പ്രഥമ ചിത്രമാണ് പ്രേം പൂജാരി. 2007ല്‍ അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങി. “റൊമാന്‍സ് സിങ് വിത്ത് ലൗ’ എന്ന പേരിലുളള ആത്മകഥ പ്രധാനമന്ത്രി മന്മോഹന് സിങ്ങാണു പ്രകാശനം ചെയ്തത്. ദേവാനന്ദിന്റെ 1961ല്‍ പുറത്തിറങ്ങിയ ഹം ദേനോ ഏക് എന്ന ചിത്രം 2011ല്‍ വീണ്ടും കളര്‍ സിനിമയായി തിരശീലയ്ക്കു മുന്നിലെത്തി. 35ഓളം സിനിമകളും നിര്‍മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: