തേനി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ കേരളത്തിനെതിരെ സമരം തുടങ്ങി. ഇതിന്റെ ഭാഗമായി തേനി ജില്ലയിലെ ഉത്തമപാളയത്ത് അഭിഭാഷകര്‍ റോഡ് ഉപരോധിക്കുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിക്കുകയും ചെയ്തു.
മുല്ലപ്പെരിയാരില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരള സര്‍ക്കാര്‍ ഡാം തകരുമെന്ന് പ്രചരിപ്പിച്ച് സംസ്ഥാനത്തെ ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തുകയാണെന്ന് തമിഴ്നാട്ടിലെ വിവിധ സംഘനകള്‍ കുറ്റപ്പെടുത്തുന്നു. പ്രതിഷേധക്കാര്‍ കൊല്ലം – തേനി ദേശീയ പാത അരമണിക്കൂറോളം ഉപരോധിച്ചു.
മലയാളിക്ക് മുന്നറിയിപ്പാണ് ഈ സമരമെന്ന മുദ്രാവാക്യം മുഴക്കിയാണ് അഭിഭാഷകര്‍ എത്തിയത്. പുതിയ ഡാമെന്ന ആവശ്യവുമായി മുന്നോട്ടു പോയാല്‍ കേരളത്തിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ തടയുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കരുതെന്ന് ആവശ്യപ്പെട്ട് തേനിയിലെ പാലാര്പെട്ടി മേഖലയിലുള്ള പത്ത് ഗ്രാമങ്ങളിലെ ജനങ്ങള്‍ ഏഴാം തീയതി ഉപവാസം അനുഷ്ടിക്കും. അന്നേദിവസം വൈക്കോ മധുരയില്‍ നിന്നും ഗൂഢല്ലൂരിലേക്ക് വാഹനപ്രചരണ ജാഥ നടത്തും.
എട്ടാം തീയതി വൈക്കോ കമ്പത്ത് ഉപവാസം അനുഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. 21-)ം തീയതി കമ്പത്ത് കുമളിയിലേക്കും കമ്പംമേട്ടിലേക്കുമുള്ള റോഡുകള്‍ വൈക്കോയുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: