സിഡ്നി: ഇന്ത്യക്കു യുറേനിയം നല്‍കാമെന്ന് ഓസ്ട്രേലിയന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി. വാര്‍ഷിക സമ്മേളനത്തിലാണു തീരുമാനം. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം കരുത്തുപകരുമെന്നു പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു.
ഇന്ത്യയെപ്പോലുള്ള ലോകത്തെ വലിയൊരു ജനാധിപത്യ രാഷ്ട്രത്തോട് ശക്തമായ ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നും ഗില്ലാര്‍ഡ് ചൂണ്ടിക്കാട്ടി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യയ്ക്ക് യുറേനിയം നല്‍കുന്നതിന് ഒരു ദശാബ്ദ കാലമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഓസ്ട്രേലിയ നീക്കി. ഇതു സംബന്ധിച്ചുള്ള ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ പ്രമേയം 185നെതിരെ 206 വോട്ടിന് പാസായി. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു തീരുമാനം അഗീകരിക്കപ്പെട്ടത്.
രാജ്യതാത്പര്യം മുന്‍ നിര്‍ത്തി ഇന്ത്യക്കു യുറേനിയം നല്‍കാനുള്ള കരാറിന് അനുവദി നല്‍കണമെന്നു ജൂലിയ ഗില്ലാര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടു. ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കില്ലെന്നതടക്കം നിബന്ധനകളോടെ മാത്രമേ കൈമാറ്റം ചെയ്യുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. ലോകത്തെ യുറേനിയം ഉത്പാദനത്തില്‍ 40 ശതമാനം കൈയാളുന്ന രാജ്യമാണ് ഓസ്ട്രേലിയ. ചൈന, ജപ്പാന്, തായ് വാന്‍, യുഎസ് എന്നീ രാജ്യങ്ങളിലേക്കു യുറേനിയം കയറ്റുമതി ചെയ്യുന്നു.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ചൈനയ്ക്ക് ഓസ്ട്രേലിയ യുറേനിയം നല്കുന്ന സാഹചര്യമുള്ളപ്പോള്‍ ഇന്ത്യയുടെ കാര്യത്തില്‍ മാത്രം വിവേചനം കാണിക്കാനാവില്ലെന്ന് ഗില്ലാര്‍ഡിനെ അനുകൂലിക്കുന്ന മന്ത്രിമാരായ സ്റ്റീഫന്‍ സ്മിത്ത്, മാര്ട്ടിന് ഫെര്ഗൂസന്, തെക്കന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജെയ് വെതറില്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: