കൊച്ചി: ലക്ഷക്കണക്കിന് ജനങ്ങളുടെ തലക്ക് മുകളില്‍ ജലബോംബായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും പ്രശ്നമില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്ക് കടകവിരുദ്ധമായ നിലപാട് ഹൈക്കോടതിയില്‍ സ്വീകരിച്ചത് വിവാദമായിരിക്കുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും വന്ദുരന്തമൊന്നും ഉണ്ടാകില്ലെന്നും ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ക്ക് പ്രളയജലം താങ്ങിനിര്‍ത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തകര്‍ച്ചയുടെ വക്കിലെത്തി നില്ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കേരളസര്‍ക്കാരിനുവേണ്ടി തമിഴ്നാടിന്റെ ഭാഷയില്‍ സംസാരിച്ചത്. ഹൈക്കോടതിയുടെ ആവശ്യത്തിന് പൊതുവായ മറുപടി നല്‍കിയിരുന്നുവെങ്കിലും ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയോടെ മറുപടി നല്കാന് ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നല്കിയ മറുപടിയിലാണ് കേളത്തെതന്നെ ഞെട്ടിക്കുന്ന വിചിത്രമായ നിലപാട് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന സംസ്ഥാനത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യത്തെ നിയമപരമായി ദുര്‍ബലപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ പുതിയ നിലപാടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ജലനിരപ്പുമായി ബന്ധമില്ലെന്നും അണക്കെട്ടിന്റെ പ്രായമാണ് പ്രശ്നമെന്നും ജസ്റ്റിസുമാരായ മഞ്ജുള ചെല്ലൂര്‍, പി.ആര്. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് മുമ്പാകെ എജി വ്യക്തമാക്കി.
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളില്‍ ചെറുതോണിക്ക് മാത്രമാണ് ഷട്ടറുകള്‍ ഉള്ളതെന്നും മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ പാഞ്ഞെത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വഴി അറബിക്കടലിലേക്ക് പൊയ്ക്കൊള്ളുമെന്ന സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി വിമര്‍ശിച്ചു. ഇത് എജിയുടെ ഭാവന മാത്രമായിരിക്കുമെന്നായിരുന്നു ബെഞ്ചിന്റെ വിമര്‍ശനം. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു പ്രശ്നമല്ലെങ്കില്‍ സംസ്ഥാനത്ത് ഉയരുന്ന പ്രതിഷേധങ്ങളുടെ അടിസ്ഥാനമെന്തെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം മാധ്യമങ്ങള്ക്കാണെന്നായിരുന്നു ദണ്ഡപാണിയുടെ മറുപടി.
അപകടം സംഭവിക്കുകയാണെങ്കില്‍ മുല്ലപ്പെരിയാറിലെ ജലം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളിലെ ജലനിരപ്പ് താഴ്ത്തണമെന്നും നിലവില്‍ ഈ ഡാമുകളിലെ ജലനിരപ്പ് അറിയിക്കണമെന്നും കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല.ഇത് വിലയിരുത്തിയ ഡിവിഷന് ബെഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചു. ചെയ്യാന്‍ പോകുന്നതല്ല ചെയ്ത കാര്യങ്ങള്‍ അറിയിക്കാന്‍ കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ സേന യോഗം ചേരുന്നുണ്ടെന്നും കൂടുതല്‍ പഠനം നടത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
സംസ്ഥാനസര്‍ക്കാരിന്റെ തന്നെ ഡാം സുരക്ഷാ നിയമം നിലവിലുണ്ടെങ്കിലും മുല്ലപ്പെരിയാര്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇത് ഇവിടെ പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഡാം സുരക്ഷാ നിയമം എന്തുകൊണ്ട് സംസ്ഥാനം വിജ്ഞാപനം ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. ഇതിനും അഡ്വക്കേറ്റ് ജനറലിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ വേണ്ടി ഇടുക്കി അണക്കെട്ടില്‍നിന്നുള്ള വൈദ്യുതി ഉല്പാദനം വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശത്തെ 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ എട്ട് സ്കൂളുകളിലായി ഇവരെ മാറ്റിപ്പാര്‍പ്പിക്കും. നവംബര്‍ 27 മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവിധ ഭാഗങ്ങളിലായി അഞ്ച് കണ്ട്രോള് റൂമുകള്‍ തുറന്നു. നിലവിലുള്ള സജ്ജീകരണങ്ങളും മനുഷ്യവിഭവശേഷിയും കുറവാണെന്നതിനാല്‍ അത് ശക്തിപ്പെടുത്താന്‍ സജ്ജീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.
പെട്ടെന്ന് അപകടം ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഏതൊക്കെ വഴിയിലൂടെയാണ് ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും മറ്റു സുരക്ഷിത സ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നതെന്ന് സംബന്ധിച്ച നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയെ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ നടപടി സ്വീകരിച്ചുവരുന്നു. ദുരന്തം ലഘൂകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പരമാവധി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടു. അണക്കെട്ടിന്റെ പരിസരത്ത് മോക്ഡ്രില്‍ നടത്തും.
ഇതേസമയം, മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, കുളമാവ്, ചെറുതോണി ഡാമുകള്‍ക്ക് അപകടമുണ്ടാവില്ലെന്ന് താന്‍ ഹൈക്കോടതിയെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി നിഷേധിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് സര്‍ക്കാര്‍ നിലപാടുതന്നെയാണ് താന്‍ കോടതിയെ അറിയിച്ചതെന്ന് എജി വാര്‍ത്താലേഖകര്‍ക്ക് മുന്നില്‍ അവകാശപ്പെട്ടു.
ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകളുടെ സംഭരണശേഷിയെക്കുറിച്ചാണ് കോടതിയെ അറിയിച്ചതത്രെ. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ജലവും ശേഖരിക്കാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ദണ്ഡപാണി കുറ്റപ്പെടുത്തി.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: