ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിസഭയിലും തമ്മിലടി രൂക്ഷമായി. വിദേശനിക്ഷേപപ്രശ്നത്തില് ധനമന്ത്രി പ്രണബ് മുഖര്‍ജിക്കെതിരെ റെയില്‍വെ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി പരസ്യമായി രംഗത്തുവന്നു.
ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപ തീരുമാനം നടപ്പാക്കുന്നതില്‍ ചിലരുടെ സങ്കുചിത രാഷ്ട്രീയം തടസം സൃഷ്ടിക്കുകയാണെന്ന മുഖര്‍ജിയുടെ പരാമര്‍ശമാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. സങ്കുചിത മനസോടെ ചിന്തിക്കുന്ന സര്‍ക്കാരാണ് അത്തരത്തില്‍ തോന്നുകയെന്ന് ദിനേശ് ത്രിവേദി തിരിച്ചടിക്കുകയായിരുന്നു.
‘പാര്‍ലമെന്റ് ലയണ്‍സ് ക്ലബോ റോട്ടറി ക്ലബോ അല്ല. അതൊരു രാഷ്ട്രീയ സംവിധാനമാണ്. ഭരണഘടനയും അതുപോലെതന്നെ. ജനാധിപത്യമെന്ന് വിളിക്കുന്നതും രാഷ്ട്രീയ സംവിധാനത്തെയാണ്. കുശലം പറയാന്‍ വന്നിരിക്കുന്ന കാന്റീനല്ല പാര്‍ലമെന്റ്. രാഷ്ട്രീയത്തിന്റെ ഭാഗമായി ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇടമാണ് അത്. “വിദേശനിക്ഷേപത്തോടുള്ള ചിലരുടെ എതിര്‍പ്പ് വെറും രാഷ്ട്രീയമാണെന്ന മുഖര്‍ജിയുടെ വിമര്‍ശനത്തെ ശരിവെച്ചുകൊണ്ട് ത്രിവേദി ചൂണ്ടിക്കാട്ടി. തികച്ചും രാഷ്ട്രീയത്തിന്റെ ഭാഗമാണ് തങ്ങളുടെ എതിര്‍പ്പെന്ന് പാര്‍ലമെന്റിന് പുറത്ത് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
നേരത്തെ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും മുഖര്‍ജി രൂക്ഷമായി വിമര്‍ശിച്ചത്. ചില്ലറവ്യാപാര രംഗത്ത് വിദേശനിക്ഷേപത്തിന് ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളില്‍ വിലങ്ങുതടിയായി മാറരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെയും ഡിഎംകെയെയും മറ്റും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശനിക്ഷേപത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും പങ്കുചേര്‍ന്നതോടെയാണ് മുഖര്‍ജിയുടെ പരാമര്‍ശം. വിദേശനിക്ഷേപ പ്രശ്നത്തില്‍ ഇന്തോ-യുഎസ് ആണവകരാര്‍ മാതൃകയില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ ധനമന്ത്രി തയ്യാറായില്ല.
ഗ്രാമീണ മേഖലകളില്‍ സാങ്കേതികരംഗത്തുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ നേരിട്ടുള്ള വിദേശനിക്ഷേപം സഹായകരമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വിദേശനിക്ഷേപം അനുവദിക്കാനുള്ള എക്സിക്യൂട്ടീവ് തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. എന്നാല്‍ അത് ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമായി വന്നിരിക്കയാണ്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മുഖര്‍ജി എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: