കൊച്ചി: മുല്ലപ്പെരിയാറിനെ രക്ഷിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മനുഷ്യാവകാശദിനമായ ഡിസംബര്‍ 10ന് കൊച്ചിയില്‍ ജനകീയ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ 5 വരെയാണ് പരിപാടി. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒപ്പുശേഖരണം നടത്തുന്നുണ്ട്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സംശയകരമാണ്. ഇക്കാര്യത്തില്‍ അവര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തശേഷം യുഡിഎഫിലെ പി.ജെ. ജോസഫ് ഒഴികെയുള്ള മന്ത്രിമാരെല്ലാം എടുത്ത നിലപാട് സംശയകരമാണ്. ജനം ഒരേരീതിയില്‍ പ്രതികരിച്ചിട്ടും യുഡിഎഫിലെ വലിയ കക്ഷിയായ കോണ്‍ഗ്രസ് എടുത്ത നിലപാട് പ്രതിഷേധാര്‍ഹമാണ്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയെയോ യുപിഎ അധ്യക്ഷ സോണിയയെയോ കാണാതെ ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കിയത് പരിഹാസ്യമാണ്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. സംഘടനാ കാര്യങ്ങള്‍ക്കായി ഒരു മാസത്തിനിടയില്‍ 10 പ്രാവശ്യം ദല്‍ഹിക്ക് പോകുന്നയാളാണ് ചെന്നിത്തല. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അദ്ദേഹത്തിന് സമയമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടും സംശയാസ്പദമാണ്. പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് പറയുകയും രണ്ട് മന്ത്രിമാരെ മാത്രം ദല്ഹിക്കയക്കുകയുമാണ് അദ്ദേഹം ചെയ്തത്. എഴുത്തും ഫാക്സുമായി സമയം പാഴാക്കുകയാണ് ചെയ്യുന്നത്. തെലുങ്കാന പ്രശ്നത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചതുപോലെ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കുകയാണ് ചെയ്യേണ്ടത്. മുല്ലപ്പെരിയാര്‍ ഭീഷണിയുള്ള നാല് ജില്ലകളില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെ ബിജെപി തടയും. യുഡിഎഫില്‍ നിന്നും ജോസ് കെ. മാണിയല്ല പി.ടി. തോമസായിരുന്നു കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത്.
എ.കെ. ആന്റണിയും വയലാര്‍ രവിയും മൗനവ്രതത്തിലാണ്. ഇത് കേരളത്തിന് ദോഷമാണ്. കാവേരി നദീജല പ്രശ്നം അടല്‍ ബിഹാരി വാജ്പേയി പരിഹരിച്ചപോലെ മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുവാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ബിജെപിയും കേരള തമിഴ്നാട് ഘടകങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ പ്രശ്നം തീര്‍ക്കാനാകും. ഇതിന് പ്രധാനമന്ത്രി തയ്യാറാവണമെന്നും രാധാകൃഷ്ണന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: