തിരുവനന്തപുരം : ഘടക കക്ഷികള്‍ക്കും സമുദായ സംഘടനകള്‍ക്കും പുറമെ പാര്‍ട്ടിയിലെ തന്നെ പ്രമുഖരും രംഗത്തെത്തിയതോടെ പുതിയ മദ്യനയം കോണ്‍ഗ്രസ്സിനെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്നു. പിറവം തെരഞ്ഞെടുപ്പില്‍ മദ്യനയം പാര്‍ട്ടി മുന്നണി സ്ഥാനാര്‍ത്ഥിക്ക് പാരയാകുമോയെന്ന കണക്കുകൂട്ടലിലാണ്. ഇതു മനസ്സിലാക്കി തന്നെയാണ് സമുദായ നേതാക്കള്‍ മദ്യനയത്തിനെതിരെ പരസ്യ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്.
യുഡിഎഫില്‍ ചര്‍ച്ച ചെയ്തതിന് ശേഷമായിരുന്നു മദ്യനയത്തിന്റെ കരട് മന്ത്രി കെ. ബാബു പ്രഖ്യാപിച്ചത്. അന്നുതന്നെ ടി.എന്‍. പ്രതാപന് ഉള്‍പ്പടെ ചില എംഎല്‍എമാര്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വി.എം. സുധീരന് മദ്യനയത്തെ പരസ്യമായി തള്ളിപ്പറഞ്ഞതോടെയാണ് കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ വെട്ടിലായത്. ഇന്നലെ സുധീരന് വീണ്ടും തന്റെ നിലപാട് ആവര്‍ത്തിച്ചു. പാര്‍ട്ടി വക്താവ് ഹസ്സനും ആവശ്യമെങ്കില്‍ മദ്യനയം തിരുത്തുമെന്ന് ഇന്നലെ വ്യക്തമാക്കി.
മന്ത്രി കെ. ബാബു സുധീരന്റെ പ്രസ്താവനയോടെ പ്രതികരിച്ചില്ല. യുഡിഎഫ് തീരുമാനമാണ് താന്‍ നടപ്പാക്കിയതെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞൊഴിയുകയായിരുന്നു അദ്ദേഹം. മദ്യനയത്തിനെതിരെ ആദ്യം രംഗത്തുവന്നത് മുസ്ലിം ലീഗായിരുന്നു. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യം പിന്‍വലിക്കുന്നതായിരുന്നു ലീഗിന്റെ എതിര്‍പ്പിന് പ്രധാന കാരണം. ബാര്‍ ഹോട്ടലുകള്‍ ഘട്ടം ഘട്ടമായി ഇല്ലാതാകുന്നതിനോട് കേരളാ കോണ്‍ഗ്രസിനും താല്പര്യക്കുറവുണ്ട്. എങ്കിലും പരസ്യമായി പ്രശ്നമുണ്ടാക്കാതെ ഇരിക്കുകയായിരുന്നു ഇരു പാര്‍ട്ടികളും. ഇപ്പോള്‍ പുതിയ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതാണ് പ്രശ്നം വീണ്ടും ഉയര്‍ന്നുവരാന്‍ കാരണം. ലൈസന്‍സ് നല്‍കിയതിനെതിരെ വി.എം. സുധീരന് തന്നെയാണ് പരസ്യ പ്രസ്താവന ഇറക്കിയത്. പാര്‍ട്ടിയുമായി ആലോചിക്കാതെ പുതിയ ലൈസന്‍സ് നല്‍കിയതില്‍ രമേശ് ചെന്നിത്തലയ്ക്കും എതിര്‍പ്പുണ്ട്. പ്രശ്നം പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യാതെ പരസ്യ പ്രസ്താവന ഇറക്കിയത് ശരിയല്ലെന്ന് വാദിക്കുന്നവര്‍ കോണ്‍ഗ്രസ്സിലുണ്ട്. എന്നാല്‍ സുധീരന് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന സൂചന ഇന്നലെ നല്കി. ജനങ്ങളുടെ പ്രശ്നങ്ങള്‍ താന്‍ പരസ്യമായി പറയുമെന്നും പാളിച്ച എത്രയും പെട്ടെന്ന് തിരുത്തുകയാണ് നല്ലതെന്നും സുധീരന് ഇന്നലെയും വ്യക്തമാക്കി. കരട് രേഖ വന്നപ്പോള്‍ത്തന്നെ ഇത് സംബന്ധിച്ച തന്റെ നിര്‍ദ്ദേശം പാര്‍ട്ടിക്ക് നല്‍കിയിരുന്നു. ഇത് പരിഗണിക്കാത്തതിനാലാണ് പരസ്യമായി പ്രതികരിക്കാന്‍ കാരണമെന്നും സുധീരന് വ്യക്തമാക്കുന്നു.
ക്രൈസ്തവസഭകളെല്ലാം തന്നെ മദ്യനയം തിരുത്തണമെന്ന് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസാ പാക്യം, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരി എന്നിവരൊക്കെ പരസ്യമായി മദ്യനയത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്ക്കുന്നതിനാല് ക്രൈസ്തവസഭകളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിന് ആവില്ല. സുധീരനെയും ടി.എന്‍. പ്രതാപനെയും പോലുള്ള നേതാക്കളും പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സഭകളും രംഗത്തുവന്നിട്ടും മദ്യനയം മാറ്റം കൂടാതെ നടപ്പാക്കണമെന്ന വാശി ആര്‍ക്ക് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. മന്ത്രി കെ. ബാബുവിനെ ഒറ്റപ്പെടുത്തി നേട്ടം കൊയ്യാന്‍ പാര്‍ട്ടിയിലെ ചിലര്‍ തന്നെ ശ്രമിക്കുന്നതായും ആരോപണമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാബുവിനൊപ്പമാണ്. നയം മാറ്റം ആവശ്യമെങ്കില്‍ ചെയ്യാമെന്നും പരസ്യപ്രസ്താവന ശരിയല്ലെന്നുമുള്ള നിലപാടിലാണ് മുഖ്യമന്ത്രി.
മദ്യനയത്തിന്റെ പേരില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ വ്യത്യാസം രൂക്ഷമാകുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കന്മാരില്നിന്ന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: